2017, ഡിസംബർ 24, ഞായറാഴ്‌ച








മത്സരങ്ങളില്ലാത്ത, വിജയികളും പരാജിതരും ഇല്ലാത്ത ഒരു ലോകസംവിധാനാം  എത്ര സുന്ദരമായിരിക്കും !!!!
എല്ലാവരും തനത്  കഴിവുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാം. പ്രവര്‍ത്തന പരിണാമം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിതന്നെ ലക്ഷ്യമായി ഭവിക്കുമ്പോള്‍, നാം പ്രകൃതിയുടെ സ്വാഭാവിക ഊര്‍ജ്ജതന്ത്രവുമായി സ്വാഭാവിക ലയവിന്യാസത്തില്‍ ഏര്‍പ്പെടുകയാണ് ചെയ്യുന്നത്.
മലമുകളില്‍ ഉടലെടുക്കുന്ന ഒരു നീരുറവ, എങ്ങിനെയാണ് സമുദ്രത്തില്‍ പതിക്കുന്നത്, ആ തരത്തിലുള്ള ഒരു സ്വാഭാവിക ഊര്‍ജ്ജവിന്യാസം നമ്മില്‍ എല്ലാവരിലും ഉണ്ട്. ആ സ്വാഭാവിക ഊര്‍ജ്ജ പ്രവാഹമാണ് നമ്മെ അനുനിമിഷം മുന്നോട്ട് നയിക്കുന്നത്. മത്സരങ്ങളും, വിജയികളും, പരാജിതരും അഭിനന്ദനവും കുറ്റപ്പെടുത്തലും മനുഷ്യന് സംഭവിച്ച അപചയത്തില്‍ നിന്നുടലെടുത്തതാണ്. അത് പ്രകൃതി വിരുദ്ധമാണ്. വിജയികളും പരാജിതരും എന്ന് മര്‍ത്യനെ മുദ്രകുത്തപ്പെടുന്ന കാലത്തോളം ലോകസംഘര്‍ഷങ്ങള്‍ ഒരു നിഴല്‍പോലെ നമ്മെ പിന്‍തുടരും.
മര്‍ത്യബോധമണ്ഡലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിവാര്യ പരിണാമത്തിന്റെ ഏതോ ദശയില്‍ ഒരുപക്ഷേ മത്സരാധിഷ്ഠിതമായ ജീവക്രമങ്ങളില്‍ നിന്ന് നാം മുക്തരാകും. ആത്  ഒരു പ്രത്യാശയാണ്.. പക്ഷേ വര്‍ത്തമാനകാലം നമ്മോടാവശ്യപ്പെടുന്നത് മത്സരമാണ്. മത്സരവേദികളാണ് നമ്മുടെ മുന്നില്‍ തുറക്കപ്പെടുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ വൈകാരിക തീവ്രതകളല്ലാതെ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ അതിനുള്ള മനോഭാവങ്ങള്‍ നമ്മുടെ ഉള്ളില്‍ വേരുപിടിക്കുകയാണെങ്കില്‍ ജീവിതം ഒരു ലീല യായി നമുക്കനുഭവപ്പെടും.
മത്സരവേദികള്‍, മത്സരാര്‍ത്ഥികളില്‍ വന്യമായ ഒരു ഊര്‍ജ്ജം സൃഷ്ടിക്കുന്നുണ്ട്. ആ വന്യതയെ ഉദാത്തികരിക്കുമ്പോഴാണ് സൗഹാര്‍ദ്ദത്തിന്റെ, നൂതന ചക്രവാളം ഉടലെടുക്കുന്നതും ജീവിതം ഒരു ലീലയായി നമുക്ക് അനുഭവപ്പെടുന്നതും.
ഞാന്‍ ഇങ്ങനെയെല്ലാം ചിന്തിച്ചുപോയത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്വിസ്മത്സരത്തില്‍ പങ്കെടുത്തപ്പോഴാണ്.
സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ഇതു സംഘടിപ്പിച്ച അസോസിയേഷന്‍ ഭാരവാഹികൾക്കും , അത് നല്ലരീതിയില്‍ നടത്തിയ ക്വിസ് മാസ്റ്റര്‍ മോഹന്‍ ഡാനിയല്‍ ഉം  മിനി ഡാനിയേൽ ഉം  പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
ക്വിസ് മാസ്റ്റർ ഉടെ  പല ചോദ്യങ്ങളും ഗതകാല ഓര്‍മ്മച്ചെപ്പുകള്‍ തുറക്കുന്ന താക്കോല്‍ക്കൂട്ടങ്ങളായിരുന്നു. ആ ചെപ്പുകള്‍ തുറക്കപ്പെട്ടപ്പോള്‍ കൗമാരവും യൗവനവും വീണ്ടും വന്നതുപോലെ തോന്നി. നല്ല രീതിയിൽ സംഘടിപ്പിച്ച അസോസിയേഷൻ ഭാരവാഹികൾക്ക്  ഒരായിരം അഭിനന്ദനങ്ങള്‍.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ