2015, ഡിസംബർ 13, ഞായറാഴ്‌ച

വ്രണപ്പെടുന്ന വിശ്വാസങ്ങള്‍........






വൈവിധ്യങ്ങളാണ് ഈ പ്രപഞ്ചത്തിന്റെ മനോഹാരിത. കൊമ്പനാനകള്‍ക്ക്
വിഹരിക്കാന്‍ വന്‍കാടുകളും കുഴിയാനകള്‍ക്ക് വിഹരിക്കാന്‍ പൂഴിമണ്ണും
പ്രധാനം ചെയ്തുകൊണ്ടാണ് പ്രപഞ്ചശില്പി ഈ ലോകത്തിന്റെ രൂപകല്പന
നല്കിയിരിക്കുന്നത്. നിഷ്‌കളങ്കമായ മാടപ്രാവും ഉഗ്രവിഷം ഉള്ളിലൊളിപ്പിച്ച
വിഷപാമ്പും ഈ ഭൂമുഖത്ത് സൈ്വര്യവിഹാരം നടത്തുന്നു. പൂക്കളുടെ
വൈവിധ്യമാര്‍ന്ന വര്‍ണ്ണഭംഗിയും രൂപവും സൗരഭ്യവുമല്ലേ ഒരു പൂന്തോട്ടത്തെ
ഏറെ ആകര്‍ഷണീയമാക്കുന്നത്? ഏകദാന സ്വഭാവത്തെ പ്രകൃതി തന്നെ
തിരസ്‌കരിക്കുന്നു.
നിറങ്ങളുടെ വൈവിധ്യമാര്‍ന്ന വര്‍ണ്ണപ്പൊലിമയില്‍ മനം മയങ്ങാത്തവരായി
നമ്മില്‍ ആരാണ് ഉള്ളത്? വൈവിധ്യങ്ങളില്‍ നാം സന്തോഷിക്കുന്നു,
ആനന്ദിക്കുന്നു, അവയെ നാം ഉള്‍ക്കൊള്ളുന്നു അംഗീകരിക്കുന്നു.
വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഈ ലോകത്തെ
കൂടുതല്‍ പ്രകാശമയം ആക്കേണ്ടതാണ്. വ്യത്യസ്ത രാഷ്ട്രീയ
പ്രത്യയശാസ്ത്രങ്ങളും അവയെ പ്രതിനിധീകരിക്കുന്ന കൊടികളുടെ
വര്‍ണ്ണവ്യത്യാസവും ഈ ലോകത്തെ കൂടുതല്‍ ആകര്‍ഷണമാകേണ്ടതാണ്.
ദൈവനിഷേധികളും, ആചാരാനുഷ്ഠാനങ്ങളെ തിരസ്‌കരിക്കുന്നവരും വൈവിധമാര്‍ന്ന
ലോകത്തിന് മാറ്റുകൂട്ടേണ്ടതാണ്. പക്ഷേ വിശ്വാസത്തിന്റെ തലത്തിലാവുമ്പോള്‍
എല്ലാം സമവാക്യങ്ങളും നിഷ്പ്രഭമാവുകയാണ്. എല്ലാം തകിടം മറിയുകയാണ്.
സമാധാനത്തോടെ പുല്ല് തിന്ന് പാലും നല്കി ജീവിച്ചിരുന്ന പശു ഇന്ന്
പ്രതിസ്ഥാനത്താണ്. ലോകശ്രദ്ധാകേന്ദ്രമാണ്.
വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും, അനശ്വരമായ സ്‌നേഹത്തിന്റെ
സൗരഭ്യം നമ്മുടെ ഹൃദയങ്ങളില്‍ വിരിയാനുള്ള ഉപാധികള്‍ മാത്രമാണ്.
നിയമങ്ങള്‍, നിയമങ്ങളുടെ രക്ഷയ്ക്കുവേണ്ടിയല്ല, അവ മനുഷ്യന്‍ പരസ്പരം
സമാധാനത്തോടെ ജീവിക്കാനുള്ള ഉപാധികള്‍ മാത്രമാണ്.
'വ്രണപ്പെടുന്ന വിശ്വാസങ്ങള്‍' എന്ന് നാം പരാതിയും പരിഭവങ്ങളും
പറയുമ്പോള്‍, നമ്മുടെ വിശ്വാസത്തിന്റെ പരിമിതിയിലേക്കും പരാജയത്തിലേക്കും
അല്ലേ അത് വെളിച്ചം വീശുന്നത്. നദികള്‍ മലനിരകളില്‍ നിന്ന് ഉത്ഭവിച്ച്
സമുദ്രത്തില്‍ പതിച്ച് പുനര്‍ജനി തേടുന്നു. പക്ഷേ ചില നദികള്‍ക്ക്
മാര്‍ഗ്ഗഭ്രംശം സംഭവിച്ച് മരുഭൂമിയില്‍ പതിക്കുന്നു.
വ്രണപ്പെടുന്ന വിശ്വാസങ്ങള്‍, ആക്രമണത്തിലേക്കും, വിവാദങ്ങളിലേക്കും
തര്‍ക്ക വിതര്‍ക്കങ്ങളിലേക്കും ആനയിക്കപ്പെടുന്ന വിശ്വാസങ്ങള്‍ ഇവയെല്ലാം
മാര്‍ഗ്ഗഭ്രംശം സംഭവിച്ച് മണലാരണ്യത്തില്‍ വന്നുപ്പെട്ട നദിപോലെയാണ്.
സമാധാനപരമായ സൗഹാര്‍ദ്ദത്തിന് വ്രണപ്പെടുന്ന വിശ്വാസങ്ങളെ
പുന:പരിശോധനക്ക് വിധേയമാക്കുകയോ അവയെ തിരസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ