2021 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

 


ഇഷ്ടമില്ല എനിക്ക് എന്ന് പറയാതെ ചിന്തിക്കാതെ ജീവിക്കുവാൻ പറ്റുമോ? പ്രത്യേകിച്ച് മനുഷ്യബന്ധങ്ങളിൽ? ഇഷ്ടം ഇല്ലെനിക്ക് എന്ന് ഞാൻ പറയുമ്പോൾ എനിക്ക് ചുറ്റും കാരിരുമ്പിൻറെ ഒരു വൻ മതിൽ കെട്ടുന്നു!!! ഇഷ്ടമാണ് എനിക്ക് എന്ന് ഞാൻ പറയുമ്പോൾ, എന്റെ മുന്നിലെ വൻമതിലുകൾ തകരുന്നു, പുഴ ചെന്ന് സമുദ്രത്തെ ചുംബിക്കുന്ന പോലെ.... ഇഷ്ടമില്ല എനിക്ക് എന്നൊരു വാക്ക് തോക്കാണ്,  ഏതു നിമിഷവും ഗർജിക്യാൻ പാകത്തിൽ വെടിയുണ്ടകൾ അതിൽ ഉറങ്ങിക്കിടക്കുന്നു. ഇഷ്ടമില്ല എനിക്ക് എന്ന് പറയാതെ ചിന്തിക്കാതെ ജീവിക്കാൻ ശ്രമിക്കുമ്പോൾ ജീവിതം ഏറെ മധുരതരമായ്  അനുഭവപ്പെടുന്നു. ഭൂമുഖത്തു കൂടി നടന്നു പോയ അങ്ങേയറ്റത്തെ വിശുദ്ധനായ ഒരു ദിവ്യ ആത്മാവ്, ജീവിതത്തിന്റെ ഒരു നിർണായക നിമിഷത്തിൽ ഇരുകരങ്ങളും വിരിച്ച് ശിരസ്സ് നമിച്ച്  നിന്റെ ഹിതം നിറവേറട്ടെ എന്ന് ഹൃദയം നിർമ്മലതയോടെ പറഞ്ഞു. ജീവിതത്തിന്റെ അനിവാരൃതകൾക്ക്  മുന്നിൽ വേദനയിൽ കുതിർന്ന സ്നേഹത്തിന്റെ ഇതിഹാസം രചിച്ച വേദനയുടെ ആ കാവ്യ ശില്പത്തിന്  മുന്നിൽ എന്നും ഞാൻ അത്ഭുതാദരങ്ങളോടെ നോക്കി നിൽക്കാറുണ്ട്. ഇല്ല ഞാൻ അവനോട് ഒന്നും പറയാറില്ല, ഒന്നും ചോദിക്കാറില്ല ,എങ്കിലും അവന്റെ ചിത്രത്തെ മുൻനിർത്തി നടമാടുന്ന'പ്രഹേളികകൾ 'കാണുമ്പോൾ നെഞ്ചിൽ ഉരുൾ പൊട്ടുന്ന വേദനയുണ്ട്. ഇവിടെ ഞാൻ, ഇഷ്ടമില്ല എനിക്ക് എന്ന് പറയാതെ ജീവിക്കാൻ എത്രമാത്രം പ്രയാസപ്പെടുന്നു!!!!