മഞ്ഞ് പെയ്ത് ഇറങ്ങുമ്പോള്‍
എനിക്ക് ഒരു സ്വപ്നം ഉണ്ട്.
മഞ്ഞ് പെയ്ത് ഇറങ്ങുന്ന പ്രഭാതത്തില്‍ വസ്ത്രങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പൂര്‍ണ്ണ നഗ്നനായി പാദരക്ഷകള്‍ ഇല്ലാതെ, ഭൂമിയുടെ ഓമന പുത്രനായി കളങ്കമില്ലാതെ ഈ തെരുവീഥികളിലൂടെ നടക്കണമെന്ന്.
അങ്ങനെ ചെയ്താല്‍ എന്നെ പൊതിഞ്ഞിരിക്കുന്ന ദൃശ്യവും അദൃശ്യവുമായ എല്ലാവിധ ദുരഭിമാനങ്ങളില്‍ നിന്ന്, അഭിമാനങ്ങളില്‍ നിന്ന് മുക്തനാകാന്‍ കഴിയുമെന്ന് ഒരു വ്യാമോഹം എനിക്കുണ്ട്. അഭിമാനം,ആത്മാഭിമാനം,അഹങ്കാരം ഇങ്ങനെ പലവിധ നാമരൂപങ്ങളില്‍ അറിയപ്പെടുന്ന വസ്തുത പ്രകൃതിവിരുദ്ധമായ ഒരു സംഗതിയാണെന്ന് അനുദിനം ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
പരിണാമത്തിന്റെ ഏതോദിശയില് നഷ്ടപ്പെട്ട വാലിന് പകരം സംഭവിച്ച ഒരു അപ ഭ്രംശമാണ് അഭിമാനം എന്ന വാല്.
ബോധപൂര്‍വ്വം നാം ഇതിനെ തിരിച്ചറിയുകയും തിരസ്ക്കരിക്കേണ്ടതുമാണ്.
ഒരുവന് എന്തിനെക്കുറിച്ച് അഭിമാനിക്കുന്നുവോ അത് അവന്റെ തടവറയാണ്. തടവറ നല്കുന്ന സുരക്ഷിതത്വമാണ് അഭിമാനിക്കുന്നവന്റെ സുരക്ഷിതബോധം. തടവറയ്ക്കപ്പുറമുള്ള ലോകത്തെക്കുറിച്ച് അവനോട് സംസാരിക്കുന്നത് സൂക്ഷിച്ച് വേണം. അല്ലെങ്കില്‍ അവര്‍ നിങ്ങളെ ഭസ്മമാക്കും.
ഈ സുന്ദരമായ ലോകത്തെ മലീമസമാക്കുന്നത് അഭിമാനികളുടെ അഭിമാനം നിലനിര്‍ത്താനുള്ള നിരന്തര ശ്രമത്തിന്റെ പരിണിതഫലന മാണ്.
എല്ലാ യുദ്ധങ്ങളും ഉടലെടുക്കുന്നത് അഭിമാനം സംരക്ഷിക്കുന്നതിനുള്ള തത്രപ്പാടില്‍ നിന്നാണ്. അഭിമാനം മിഥ്യയാണ്. അത് ജീവനില്ലാത്ത പ്രേതമാണ്.
അഭിമാനം ബാധിച്ചവന്റെ പ്രവര്‍ത്തനങ്ങല്‍ പ്രേതബാധിതനെപ്പോലെയാണ്.
പക്ഷേ നിര്‍ഭാഗ്യത്തിന് സമൂഹം അംഗീകരിച്ച പ്രവര്‍ത്തന രീതിയാണത്.
നമ്മുടെ ദുരന്തം തുടങ്ങുന്നത് അഭിമാനികളുടെ രംഗപ്രവേശനത്തോടെയാണ്. അതിന് സാമൂഹ്യമായ അംഗീകാരവും വാഴ്ത്തപ്പെടലും ലഭിച്ചതോടെ ദുരന്തം പൂര്‍ണ്ണതയിലെത്തുകയാണ്.
സെലിബ്രേറ്റി കളും അവരെ വാഴ്ത്തുന്നവരും പ്രകൃതിയുടെ സമവാക്യങ്ങളെ തകിടം മറിക്കുന്നവരാണ്.
നന്മകളുടെ മുന്നില്‍ നാം കൂപ്പുകരങ്ങളുമായി നിന്നുപോകും. അത് പ്രപഞ്ചത്തിലെ നന്മകളുടെ, പ്രകാശത്തിന്റെ അതുല്ല്യതയാണു ,അജയ്യതയാണ് . കാക്കകളുടെ അംഗീകാരമില്ലെങ്കിലും കുയിലുകള്‍പാടും. അവാര്‍ഡുകളും അംഗീകാരങ്ങളും ഒന്നുമില്ലെങ്കിലും ഗാനഗന്ധര്വ്വന് യേശുദാസ് പാടിക്കൊണ്ടെയിരിക്കും .മരണത്തിലും പാടും.
നന്മകള് സ്വയം പ്രകാശിതമത്രെ. സ്നേഹം എന്ന നിരു ഉപാധിക ഊര്‍ജ്ജ പ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നത് അഭിമാനം ആണ്.
യഥാര്‍ത്ഥത്തില്‍ സ്നേഹം എന്ന ഊര്‍ജ്ജപ്രവാഹത്തിന് സംഭവിക്കുന്ന അപഭ്രംശമാണ് അഭിമാനം.
അഭിമാനിക്കുന്ന മനസ്സുകള്‍ക്ക് സ്നേഹിക്കാന്‍ കഴിയുകയില്ല.
നമ്മെ ചൂഴ്ന്നു നില്ക്കുന്ന അഭിമാനത്തിന്റെ ഒരായിരം തലങ്ങളുള്ള നീരാളിപ്പിടുത്തങ്ങളെ മനസ്സിലാക്കുകയും അതില്‍നിന്ന് മുക്തമാവുകയും ചെയ്താല്‍ മാത്രമെ ഭൂമിയില്‍ യഥാര്‍ത്ഥ സൗഹാര്‍ദ്ദവും സഹകരണവും നിലനില്ക്കുകയുള്ളൂ. ഇത്തരം സൈക്കോളജിക്കല്‍ മ്യൂട്ടേഷനിലൂടെ കടന്നുപോകാതെ നമുക്ക് അതിജീവിക്കാനാവില്ല. ഞാന്‍ കാത്തിരിക്കുന്ന പോര്‍ട്സ്മൗത്തിൽ മഞ്ഞ് പെയ്തിറങ്ങുന്ന പ്രഭാതത്തിനായി, എന്റെ തടവറയില്‍നിന്നുള്ള മുക്തിക്കായി...