ഒരു കുഞ്ഞ് കരയുന്നു........
ഒരു കുഞ്ഞ് കരയുന്നു,
ഒരല്പം സാന്ത്വനത്തിനായി
ഒരിറ്റ് സ്നേഹത്തിനായി
ഒരു താരാട്ട് പാട്ടിനായി
മാതൃവാത്സല്യത്തിന്റെ സുരക്ഷിതത്തില്‍ അഭയം തേടാനായി
ഒരു കുഞ്ഞ് വീണ്ടും വീണ്ടും തേങ്ങി തേങ്ങി കരയുന്നു.........
ഇരുളിന്റെ മറവിലിരുന്ന് സംഘടനയുടെ നേര്‍ക്ക് പാരയുടെ ശരവര്‍ഷങ്ങള്‍ വര്‍ഷിക്കുന്ന പേരറിയാത്ത നാടറിയാത്ത വീടറിയാത്ത അജ്ഞാതനായ ഒരു സുഹൃത്തിനെപ്പറ്റികേട്ടപ്പോള്‍ തോന്നിയ വരികളാണ് മുകളില്‍ എഴുതിയത്..
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നമ്മുടെ സംഘടന സസന്തോഷം ദേശീയ സംഘടനയുടെ കായിക മത്സരങ്ങള്‍ക്ക് വേദിയൊരുക്കി. Southern England ന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കുമായി നാടന്‍ ഭക്ഷണവിഭവങ്ങള്‍ നല്‍കാന്‍ നാമെല്ലാം വളരെ ഉത്സാഹത്തോടെ തയ്യാറെടുക്കുകയായിരുന്നു. അന്നാദ്യമായാണ് അജ്ഞാതന്റെ പാര സംഘടനയുടെ നെറുകയില്‍ പതിച്ചത്.
നിയമങ്ങള്‍ നിയമങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ലാ, പ്രത്യുത മനുഷ്യനന്മയ്ക്കാണെന്നുള്ള സാമാന്യ തത്വത്തെ താങ്കള്‍ അവഗണിച്ച് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന സംഘടനയുടെ സദുദ്ദേശപരമായ നടപടികളെ താങ്കള്‍ തകിടം മറിച്ചു. പക്ഷേ സംഘടനാ നേതാക്കളുടെ സമയോചിതമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് താങ്കളുടെ പാര ഉദ്ദിഷ്ടകാര്യപ്രാപ്തി നേടാതെ ശൂന്യതയില്‍ വിലയം പ്രാപിച്ചു. അതിന്റെ അതിതീവ്രമായ ഇച്ഛാഭംഗത്തില്‍ നിന്നായിരിക്യം താങ്കള്‍ ഇരുളിന്റെ മറവിലിരുന്ന് ശരവര്‍ഷങ്ങള്‍ തുടങ്ങി.
സമൂഹത്തിന്റെ പൊതുവായ ചില പ്രവര്‍ത്തനങ്ങളോട് നീരസം തോന്നിയാല്‍ വിമര്‍ശിക്കാം, തെറ്റുകള്‍ ചൂണ്ടിക്കാട്ടാം, നല്ല മാതൃകകളെപ്പറ്റി താങ്കള്‍ക്ക് പറഞ്ഞ് കൊടുക്കാം അല്ലെങ്കില്‍ മാറി നില്‍ക്കാം. പക്ഷേ ഇരുളിന്റെ മറവിലിരുന്ന് പാരപണിയുന്നത് പിതൃശൂന്യമായ പ്രവര്‍ത്തിയാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
എനിക്ക് ആ അഭിപ്രായമില്ല.
മനോവിശകലനത്തില്‍ താല്പര്യമുള്ളവര്‍ പറയുന്നു. സ്വയം മഹത്വവല്‍ക്കരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് തനിക്ക് ചുറ്റും ഉള്ള സമൂഹം താന്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് തോന്നിയാല്‍ ഒരുതരം ചിത്തഭ്രമം ഉണ്ടാവുകയും അതില്‍ നിന്ന് ഇത്തരത്തിലുള്ള ഒറ്റയാന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പറയുന്നു.
എനിക്ക് ആ അഭിപ്രായമില്ല.
ചില പക്വമതികള്‍ പറയുന്നു. ഇത് ഒരു തരം ബാലചാപല്യമാണ് Just ignore it.
എല്ലാവരുടെയും നിസ്വാര്‍ത്ഥമായ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തികളുടെ ഫലമായാണ് നമ്മുടെ അസോസിയേഷന്‍ ഈ നിലയില്‍ എത്തിയത്.
ഒറ്റയാന്‍ യുദ്ധങ്ങളിലൂടെ താങ്കള്‍ അതിന്റെ തേജസ് നഷ്ടപ്പെടുത്താന്‍ ശ്രമിക്കരുത്.
ഒരുപക്ഷേ താങ്കള്‍ ഒരു പുലിയാണെന്നു സ്വയം തോന്നിയാക്കാം. ഒരു പുലിയായിതന്നെ മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് താങ്കള്‍ ഉള്ളാലെ ആഗ്രഹിക്കുന്നുണ്ടാവും. പ്രൗഡത പ്രദര്‍ശിപ്പിച്ചല്ല സ്‌നേഹം ആദരവും നേടേണ്ടത്. നമ്മെ എത്രപേര്‍ സ്‌നേഹിക്കുന്നു എന്നതില്‍ ആശ്രയിച്ചല്ല ജീവിത മഹത്വം കുടികൊള്ളുന്നത്. എത്രപേരെ നമുക്കു സ്‌നേഹിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് ജീവിത മഹത്വം കുടുകൊള്ളുന്നത്.
സ്വയം ഒരു പുലിയായി കരുതുന്ന താങ്കള്‍ക്ക് ഇതു വായിക്കാനുള്ള ക്ഷമ ഉണ്ടാകില്ല. ക്ഷമ ഉണ്ടായാല്‍ തന്നെ എന്നോടുള്ള പുച്ഛഭാവങ്ങള്ളാല്‍ താങ്കള്‍ എരിപൊരികുള്ളുകയാകാം.
ഇതിനെല്ലാം പ്രതിവിധി ഒന്നേ ഉള്ളു സ്‌നേഹിതാ....
നന്നായി ഉറങ്ങു.. നന്നായി വിശ്രമിക്കുക... ലീവ് എടുത്ത് അമ്മയുടെ അടുത്തുപോവുക... അമ്മയുടെ മടിത്തട്ടില്‍ തലചായ്ച്ച് ഒന്ന് പൊട്ടിക്കരയുക. അപ്പോള്‍ മാതൃ വാത്സല്യത്തോടെ അമ്മ നെറുകയില്‍ തലോടും.
ആ നിമിഷം നിങ്ങള്‍ക്ക് ആത്മജ്ഞാനം ഉണ്ടാകാം. നിങ്ങള്‍ പുലിയല്ല എന്ന് നിങ്ങള്‍ തിരിച്ചറിയും. കേവലം ഒരു സാധാരണ മനുഷ്യന്‍ ്മാത്രമാണ് നിങ്ങള്‍ എന്നും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന കേവലം ഒരു മനുഷ്യന്‍.. സമൂഹം അംഗീകരിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ അത് നേടാന്‍ മാതൃസ്‌നേഹം വഴിയും വെളിച്ചവുമായിതീരട്ടെ എന്ന് ആശിക്കുന്നു.
വിദ്വേഷവും പ്രൗഡതയും സ്വയം പുകഴ്ത്തലുകളും മൂലധനമായി മുന്നേറുന്ന താങ്കളെപ്പോലുള്ള ഒറ്റയാനകളോടുള്ള അളവറ്റ സ്‌നേഹത്തില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്.
താങ്കളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്...
ഞങ്ങളെ താങ്കള്‍ക്കും.... നാം ഒന്നല്ലേ പ്രിയ സ്‌നേഹിതാ....