2016 ജനുവരി 17, ഞായറാഴ്‌ച





ഇന്നലെ വൈകിട്ട് ഞങ്ങള്‍ നോര്‍ത്ത്ന്‍ഡ് കുടുംബാംങ്ങളുടെ പുതുവര്‍ഷ
ആഘോഷമായിരുന്നു. ആലങ്കാരിക ഭാഷയുടെ സാഹയാമില്ലാതെ പറയട്ടെ,
സ്‌നേഹസൗഹാര്‍ദ്ദ സഹകരണം നിറഞ്ഞ് ഒഴുകിയ ഒരു അസുലഭ സായാഹ്നമായിരുന്നു അത്.
ഒരുമയില്‍ നിന്ന് ഉദിക്കുന്ന സ്‌നേഹത്തിന്റെ ദീപ്തി നിറഞ്ഞു നിന്ന
സായാഹ്നം. ഒരുമയില്‍ നിന്ന് ഉദിക്കുന്ന സ്‌നേഹം ആനന്ദമാണെന്ന്
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ അത് ഞങ്ങളുടെ ഹൃദയങ്ങളെ തരളിതമാക്കി.
ആടാത്തവര്‍ ആടി... പാടാത്തവര്‍ പാടി....
സ്‌നേഹം നിറഞ്ഞ് കവിഞ്ഞ അസുലഭ സായാഹ്നം. ഇനി നമ്മുടെ അതിജീവന മന്ത്രം
സ്‌നേഹം മാത്രമാണ്. നമ്മുടെ ഇടയിലുള്ള എല്ലാത്തരം പ്രത്യയശാസ്ത്ര,
താത്വിക അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഒരുമയോടെ കൈകോര്‍ക്കേണ്ട സമയം
സമാഗതമായി.
ഭിന്നിപ്പിന്റെ തീപ്പൊരികള്‍ നമ്മുടെ ഇടയില്‍ ഉണ്ടാവാം. (കുടുംബ
ബന്ധങ്ങളിലും,സാമുഹിക ബന്ധങ്ങള്ളിലും) അവയെ ഊതി വീര്‍പ്പിച്ച് അഗ്നിപര്‍വ്വത സ്‌ഫോടനംപോലെ,
അണുബോംബു സ്‌ഫോടനം പോലെ മഹാവിസ്‌ഫോടനമാക്കി മാറ്റാം. അല്ലങ്കില്‍ ഒരു മന്ദഹാസത്തിലുടെ , സമയോജിതമായ ഒരു തലോടലിലൂടെ, സൗഹാര്‍ദ്ദത്തിലുള്ള
ഹസ്തദാനത്തിലൂടെ സ്‌നേഹത്തിന്റെ ഒരു മഹാ പ്രവാഹമാക്കി അതിനെ മാറ്റാനും നമുക്കു
കഴിയും.
സ്‌നേഹത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ സഹകരണത്തിന്റെ അന്തരീക്ഷം
ലോകമെമ്പാടുമുള്ള കൊച്ചുകൊച്ചു കൂട്ടായ്മകളില്‍ നിറഞ്ഞു കവിയട്ടെ.
അങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉരുണ്ട് കൂടുന്ന വിദ്വേഷത്തിന്റെയും
കലാപത്തിന്റെയും കാര്‍മേഘങ്ങള്‍ക്ക് രൂപാന്തരം സംഭവിച്ച് അമൃതവര്‍ഷമായി
പെയ്തിറങ്ങട്ടെ. നമ്മുടെ കൊച്ചുകൊച്ചു കൂട്ടായ്മകളില്‍ ഈ പരിണാമം
സ്വാഭാവികമായി വന്നുചേരേണ്ടതാണ്.്
ഈ സ്വാഭാവിക സാമൂഹിക പരിണാമത്തിന് വിഘാതം സൃഷ്ടിക്കുന്നത്
ആനപ്പുറത്തിരുന്ന് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്ന മതചാര്യന്മാരും
രാഷ്ട്രീയാചാര്യന്മാരും ആണ്. ഗര്‍വ്വിഷ്ടതകളില്‍ അധിഷ്ഠിതമായ അവരുടെ
ഇടപെടലുകളെ സമയോജിതമായി പ്രതിരോധിക്കാന്‍ നാം പ്രാപ്തരാണെങ്കില്‍
ലോകംമുഴുവന്‍ സ്‌നേഹ സാഗരമാകും. സ്‌നേഹം മാത്രമാണ് നമ്മുടെ അതിജീവന
മന്ത്രം.


2015 ഡിസംബർ 24, വ്യാഴാഴ്‌ച


                                                                                                                          കഥ

ശാന്തരാത്രി.... തിരു രാത്രി...








"പ്രാര്‍ത്ഥിക്കാന്‍ പഠിച്ചപ്പോള്‍ സ്‌നേഹിക്കാന്‍ വിസ്മരിച്ചു പോയ ഒരു വിശ്വാസ സമൂഹമായി നാം മാറുകയാണ്."

ക്രിസ്തുമസ് രാവില്‍ അജഗണങ്ങളോട് പറയാനുള്ള ക്രിസ്മസ് സന്ദേശത്തിന്റെ തയ്യാറെടുപ്പിലായിരുന്നു അന്തപ്പന്‍ അച്ചന്‍.
"സ്‌നേഹത്തെപ്പറ്റി ഗവേഷണം നടത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് വിശ്വാസ സമൂഹം കടന്നു പോകുന്നത്, കാരണം സ്‌നേഹം നമ്മുടെ ഇടയില്‍ നിന്ന് അന്യമായി തീര്‍ന്നിരിക്കുന്നു".
അച്ചന്‍ എഴുതിയ വരികളിലൂടെ ഒന്നു കണ്ണോടിച്ചു. ഇതുപോരാ. ഒന്നും കൂടി പൊലിപ്പിക്കണം, ഈ ക്രിസ്മസ് സന്ദേശം ഒരു ചരിത്ര സംഭവമാക്കണം. അച്ചന്‍ ഓര്‍ത്തു.
താന്‍ ഇടവകയില്‍ വന്നതിനുശേഷം എന്തെല്ലാം പൊല്ലാപ്പാണ്, എന്തെല്ലാം ആരോപണങ്ങളാണ്, പ്രശ്‌നങ്ങളാണ്.
ഇടവകയിലെ ചെറുപ്പക്കാരും, ചെറുപ്പക്കാരികളും, അവര്‍ സ്‌നേഹവും കരുണയും ഉള്ളവരാണ്.
പക്ഷേ മുടീം നരച്ച് കണ്ണടയും വച്ച് ചില കടുംവെട്ടുകള്‍ ഉണ്ട്. അവര്‍ ചോദിക്കുന്നു,അച്ചന്‍ ഭിന്നപ്പിന്റെ വിത്തുകള്‍ വിതയ്ക്കുന്നത് എന്തിനാണെന്ന്? ഞങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് ഇടവക ഭരിക്കാന്‍ നോക്കേണ്ട. ഇത് കേരളമല്ല യു.കെ.യാണ് യു.കെ. അവരുടെ ശബ്ദത്തില്‍ പ്രകടമായ ഭീഷണിയുടെ ധ്വനിയുണ്ടായിരുന്നു. അത് ഓര്‍ത്തപ്പോള്‍ അച്ചന്‍ രോഷത്തോടെ ചാടി എണീറ്റു. പക്ഷെ ക്രൂശിതരൂപത്തിലേക്ക് നോക്കിയപ്പോള്‍ അച്ചന്‍ തരളിതചിത്തനായി.
എനിക്ക് ക്ഷമതരണേ കര്‍ത്താവേ, എനിക്ക് ക്ഷമതരണേ , അച്ചന്‍ വിലപിച്ചു.
അല്ലെങ്കില്‍ ഞാന്‍ ഇവറ്റകളെ....

ദൈവത്താല്‍ നിയുക്തനായ ഒരു അഭിഷിക്തനോട് പറയാവുന്ന കാര്യങ്ങളാണോ ഇവര്‍ തന്നോട് പറയുന്നത്? ഭവനസന്ദര്‍ശനത്തിനിടയ്ക്ക് തോമാ തുറന്നു പറഞ്ഞു 
'അച്ചന്റെ പ്രസംഗം ഗംഭീരം, ശബ്ദം അതിലും ഗംഭീരം. അച്ചന്റെ പ്രസംഗത്തില്‍ വിജ്ഞാനവും പാണ്ഡിത്യവും നിറഞ്ഞു തുളുമ്പുന്നു. ബൈബിള്‍ വചനങ്ങളുടെ അപഗ്രഥന പ്രക്രിയ വിസ്മയാവഹം. പ്രസംഗത്തിലുടനീളം പരിപാലിക്കുന്ന ശബ്ദ നിയന്ത്രണത്തിലുള്ള ആരോഹണ അവരോഹണ ശൈലികള്‍ അസൂയാവഹം. പക്ഷേ ഈ പ്രസംഗത്തിലൊന്നും കാതലായ ഒന്നില്ല. സ്‌നേഹം. ഒരു വിജ്ഞാനിയുടെ ഗര്‍വ്വിഷ്ടതകളാണ് അച്ചന്റെ ഓരോ വാക്കിലും നിറഞ്ഞിരിക്കുന്നത്. അതു പറഞ്ഞ് തോമ നിശബ്ദനായി. പിന്നെ പറഞ്ഞ് തുടങ്ങിയത് ഫിലിപ്പോസായിരുന്നു.
അച്ചനറിയാമല്ലോ മൗസില്‍ ഒന്നു വിരലമര്‍ത്തിയാല്‍ എത്രയോ നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കഴിയും. ചിരിയും ചിന്തയും ആത്മീയതയും സംഗീതവും നിറഞ്ഞ എത്രയോ അര്‍ത്ഥ സമ്പുഷ്ടമായ പ്രസംഗങ്ങള്‍.
ഞങ്ങള്‍ക്ക് വേണ്ടത് പ്രസംഗങ്ങള്‍ അല്ല അച്ചോ. ഞങ്ങള്‍ സാധാരണക്കാര്‍, നിരാശ്രയരും നിരാലബരുമാണ് ഞങ്ങള്‍. ഞങ്ങളുടെ ഹൃദയം വിങ്ങുന്നു, തൊണ്ട വരളുന്നു ഒരിറ്റു ദാഹജലത്തിനായി... വറ്റാത്ത ഉറവയുടെ ഉടമയാണല്ലോ അങ്ങ് കുറച്ച് ദാഹജലം പകര്‍ന്ന് തരാന്‍ ദയവ് ഉണ്ടാകണം അതിന് കഴിഞ്ഞില്ലെങ്കില്‍....
അങ്ങനെ പല മുഖങ്ങളും വാഗ്വാദങ്ങളും അച്ചന്റെ മനോമുകരത്തിലൂടെ കടന്നുപോയി....
ഇവരെ സ്‌നേഹം എന്തെന്ന് പഠിപ്പിക്കാനുള്ള പദസമ്പത്ത് എന്നില്‍ നിറയ്ക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അച്ചന്‍ വീണ്ടും എഴുതി തുടങ്ങി.
ക്രിസ്തുമസ്, ആഹ്ലാദാരവങ്ങളുടെ ആഘോഷത്തിമിര്‍പ്പിന്റെ വര്‍ണ്ണശബളമായ  ഭക്ഷണ പാനീയങ്ങളുടെ കാലം, ഈ ശബ്ദാരവങ്ങള്‍ക്കിടയില്‍ നാം ഒരു കാര്യം മറന്നുപോകുന്നു... സ്‌നേഹം....
അച്ചന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഫോണ്‍ ശബ്ദിച്ചു നല്ല കുഞ്ഞാടായ ബിനുവിന്റെതായിരുന്നു അത്.
എന്നും പതിവുള്ള 'ബ്രീഫിങ്' നായിരുന്നു വിളിച്ചത്. ഇടവകയില്‍ ആരൊക്കെ ചുമച്ചു എന്നും, ആരൊക്കെ ചുമയ്ക്കാതിരുന്നുവെന്നും മറ്റുമുള്ള കാര്യങ്ങള്‍ BBC അന്താരാഷ്ട്ര പ്രാധാന്യമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഗൗരവത്തോടെ, ബിനു എന്നും അച്ചനെ ധരിപ്പിക്കാറുണ്ട്. ഒരു ദിവ്യകര്‍മ്മം അനുഷ്ഠിക്കുന്നപോലെയായിരുന്നു ബിനു അത് ചെയ്തിരുന്നത്.
ഇടവകയില്‍ ബിനുവല്ലാതെ അച്ചന് മറ്റ് 'സ്വന്തം ലേഖകന്മാരുണ്ട്'' ഇടവകയില്‍ കലാപം, വിപ്ലവം, തുടങ്ങിയത് ഇത്തരം സ്വന്തം ലേഖകന്മാര്‍ അച്ചനോട് 'ബ്രീഫിങ്' തുടങ്ങിയതിന് ശേഷം ആയിരുന്നുവെന്ന് ഒരു പിന്നാമ്പുറ സംസാരമുണ്ട്.
ഏതായാലും അച്ചന് ബിനുവിനോട് കടപ്പാടും കൃതജ്ഞതയും ഉണ്ടായിരുന്നു. അത് പലതരത്തിലും പ്രകടിപ്പിച്ചുപോന്നു.
പക്ഷേ ഒരു ദിനം ബിനു അച്ചനോട് പറഞ്ഞു അച്ചോ ഇപ്പോ ആരും എന്നെ ബിനുവെന്ന് വിളിക്കുന്നില്ലാ. സഞ്ജയ് എന്നാണ് വിളിക്കുന്നത്. അതെന്താ അങ്ങനെ? അച്ചന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ നിന്ന് സഞ്ജയനാണല്ലോ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് യുദ്ധവിവരങ്ങള്‍ നല്‍കിയത്. ഇന്ന് നമ്മുടെ ഇടവക കുരുക്ഷേത്ര ഭൂമിക്ക് സമാനമായ .....അച്ചന്‍ അന്ധനായ ധൃതരാ...
"നിര്‍ത്തൂ". ചിന്തകള്‍ക്ക് സഡന്‍ ബ്രേക്കിട്ട് അമര്‍ഷത്തോടെ അച്ചന്‍ മേശയില്‍ ആഞ്ഞടിച്ചു. ഇവറ്റകളെ ഞാന്‍.... പിന്നീട് കുറ്റ ബോധത്തോട് ക്രൂശിത രൂപത്തിലേക്ക് നോക്കി മാപ്പിരന്ന്, വീണ്ടും എഴുതിത്തുടങ്ങി.... സ്വര്‍ഗ്ഗം ഒരു മരീചികയാണെന്ന് നിങ്ങളില്‍ ചിലര്‍ പ്രഘോഷിക്കുന്നുണ്ടെന്നെനിക്കറിയാം. അത് ജീവദായക ഊര്‍ജ്ജമാണ്. അതില്‍ ഭേദ ബുദ്ധിയുടെ പ്രസരിപ്പില്ല. അത് ആനന്ദമാണ്. അത് കാര്യകാരണങ്ങളെ തേടുന്നില്ല. അത് എല്ലാം അറിയുന്നു. എല്ലാം ഉള്‍ക്കൊള്ളുന്നു. ഒറ്റിക്കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവനോടും മാറോട് ചേര്‍ത്ത് ആശ്ലേഷിക്കുന്നു. സ്‌നേഹം പ്രകാശമാണ്. പ്രകാശത്തില്‍ എല്ലാ വര്‍ണ്ണങ്ങളും ഉള്‍ക്കൊള്ളുന്നതുപോലെ, സ്‌നേഹം എല്ലാ വൈരുദ്ധ്യങ്ങളെയും തിന്മകളെയും സ്വാംശീകരിച്ച് നന്മയുടെ പ്രഭവകേന്ദ്രമാക്കുന്നു. അങ്ങനെ പ്രകാശത്തെ ഉപമയാക്കി ഒരു സ്‌നേഹ ഗാഥ തന്നെ അച്ചന്‍ ക്രിസ്തുമസ് സന്ദേശത്തിനായി തയ്യാറാക്കി. അച്ചന് ഉറപ്പായിരുന്നു ഇത് ചരിത്രപ്രസംഗമായിരിക്കുമെന്ന്. അച്ചന്റെ വാക് ചാതുര്യത്തില്‍ മാനസാന്തരപ്പെടുന്ന അജഗണങ്ങളെ ഓര്‍ത്തപ്പോള്‍ അച്ചന്‍ കോരിത്തരിച്ചു.
നല്ല ഒരു ക്രിസ്മസ് സന്ദേശം തയ്യാറാക്കിയതിലുള്ള സന്തോഷത്തോടും ആത്മ നിര്‍വൃതിയോടും കൂടി അച്ചന്‍ മട്ടുപ്പാവിലേക്ക് നടന്നു. രാവ് ഏറെയായിരിക്കുന്നു. നഗരവും അതിലെ ജനതകളും അഗാധമായ ഉറക്കത്തിലേക്കു തെന്നി നീങ്ങിയിരുന്നു. ചുറ്റും നിശബ്ദത. ഗാഢമായ നിശബ്ദത. മാനത്ത് തെളിഞ്ഞ പൂനിലാവില്‍ ഭൂമിയും അകാശവും പ്രകാശിതമായിരുന്നു. ആകാശം നിറയെ ആയിരക്കണക്കിനു നക്ഷത്രങ്ങള്‍ നിത്യപ്രഭ ഏറ്റുവാങ്ങി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 
ശാന്തരാത്രി... സ്‌നേഹമയമായ രാത്രി...
എന്തെന്നില്ലാത്ത ആശ്വാസവും ആഹ്ലാദവും അച്ചന്റെ മനസ്സില്‍ അലയടിച്ചു. ഹൃദയലാഘവത്തോടെ അച്ചന് തിരിച്ച് വന്നപ്പോള്‍ അച്ചന്‍ അത്ഭുതപ്പെട്ട് പോയി..
താന്‍ എഴുതി തയ്യാറാക്കിയ പ്രസംഗം എല്ലാം ഏതോ അദൃശ്യകരങ്ങളാല്‍ മായ്ക്കപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ഒരു അദൃശ്യസാന്നിദ്ധ്യം അച്ചന്‍ അനുഭവിച്ചോ? അക്ഷരങ്ങള്‍ മാഞ്ഞുപോയ വെളുത്ത കടലാസ് പോലെ അച്ചന്റെ ഹൃദയത്തില്‍ നിന്ന് മനസ്സും, ചിന്തകളും, വാക്കുകളും കടന്നുപോയി. ഹൃദയം പ്രകാശം പോലെ ഭാരം ഇല്ലാതെ തിളങ്ങി.
പിന്നീട് അച്ചന്‍ ഒരിക്കലും പ്രസംഗിച്ചിട്ടില്ല. പ്രസംഗം നിറുത്തി സ്‌നേഹിക്കാന്‍ മാത്രം ശീലിച്ച അച്ചനെ പ്രതിരോധിക്കാന്‍ അജഗണങ്ങള്‍ക്ക് ആയുധം ഒന്നും കിട്ടാതെയായി. അങ്ങനെ അവരും സമാധാനത്തിന്റെ പ്രകാശത്തിലേക്ക് ആനയിക്കപ്പെട്ടു. യുദ്ധഭൂമിയില്‍ സമാധാനം സ്ഥാപിക്കപ്പെട്ടത് അങ്ങനെയാണ്...!!!
ശാന്തരാത്രി.... തിരു രാത്രി...



2015 ഡിസംബർ 13, ഞായറാഴ്‌ച

വ്രണപ്പെടുന്ന വിശ്വാസങ്ങള്‍........






വൈവിധ്യങ്ങളാണ് ഈ പ്രപഞ്ചത്തിന്റെ മനോഹാരിത. കൊമ്പനാനകള്‍ക്ക്
വിഹരിക്കാന്‍ വന്‍കാടുകളും കുഴിയാനകള്‍ക്ക് വിഹരിക്കാന്‍ പൂഴിമണ്ണും
പ്രധാനം ചെയ്തുകൊണ്ടാണ് പ്രപഞ്ചശില്പി ഈ ലോകത്തിന്റെ രൂപകല്പന
നല്കിയിരിക്കുന്നത്. നിഷ്‌കളങ്കമായ മാടപ്രാവും ഉഗ്രവിഷം ഉള്ളിലൊളിപ്പിച്ച
വിഷപാമ്പും ഈ ഭൂമുഖത്ത് സൈ്വര്യവിഹാരം നടത്തുന്നു. പൂക്കളുടെ
വൈവിധ്യമാര്‍ന്ന വര്‍ണ്ണഭംഗിയും രൂപവും സൗരഭ്യവുമല്ലേ ഒരു പൂന്തോട്ടത്തെ
ഏറെ ആകര്‍ഷണീയമാക്കുന്നത്? ഏകദാന സ്വഭാവത്തെ പ്രകൃതി തന്നെ
തിരസ്‌കരിക്കുന്നു.
നിറങ്ങളുടെ വൈവിധ്യമാര്‍ന്ന വര്‍ണ്ണപ്പൊലിമയില്‍ മനം മയങ്ങാത്തവരായി
നമ്മില്‍ ആരാണ് ഉള്ളത്? വൈവിധ്യങ്ങളില്‍ നാം സന്തോഷിക്കുന്നു,
ആനന്ദിക്കുന്നു, അവയെ നാം ഉള്‍ക്കൊള്ളുന്നു അംഗീകരിക്കുന്നു.
വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഈ ലോകത്തെ
കൂടുതല്‍ പ്രകാശമയം ആക്കേണ്ടതാണ്. വ്യത്യസ്ത രാഷ്ട്രീയ
പ്രത്യയശാസ്ത്രങ്ങളും അവയെ പ്രതിനിധീകരിക്കുന്ന കൊടികളുടെ
വര്‍ണ്ണവ്യത്യാസവും ഈ ലോകത്തെ കൂടുതല്‍ ആകര്‍ഷണമാകേണ്ടതാണ്.
ദൈവനിഷേധികളും, ആചാരാനുഷ്ഠാനങ്ങളെ തിരസ്‌കരിക്കുന്നവരും വൈവിധമാര്‍ന്ന
ലോകത്തിന് മാറ്റുകൂട്ടേണ്ടതാണ്. പക്ഷേ വിശ്വാസത്തിന്റെ തലത്തിലാവുമ്പോള്‍
എല്ലാം സമവാക്യങ്ങളും നിഷ്പ്രഭമാവുകയാണ്. എല്ലാം തകിടം മറിയുകയാണ്.
സമാധാനത്തോടെ പുല്ല് തിന്ന് പാലും നല്കി ജീവിച്ചിരുന്ന പശു ഇന്ന്
പ്രതിസ്ഥാനത്താണ്. ലോകശ്രദ്ധാകേന്ദ്രമാണ്.
വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും, അനശ്വരമായ സ്‌നേഹത്തിന്റെ
സൗരഭ്യം നമ്മുടെ ഹൃദയങ്ങളില്‍ വിരിയാനുള്ള ഉപാധികള്‍ മാത്രമാണ്.
നിയമങ്ങള്‍, നിയമങ്ങളുടെ രക്ഷയ്ക്കുവേണ്ടിയല്ല, അവ മനുഷ്യന്‍ പരസ്പരം
സമാധാനത്തോടെ ജീവിക്കാനുള്ള ഉപാധികള്‍ മാത്രമാണ്.
'വ്രണപ്പെടുന്ന വിശ്വാസങ്ങള്‍' എന്ന് നാം പരാതിയും പരിഭവങ്ങളും
പറയുമ്പോള്‍, നമ്മുടെ വിശ്വാസത്തിന്റെ പരിമിതിയിലേക്കും പരാജയത്തിലേക്കും
അല്ലേ അത് വെളിച്ചം വീശുന്നത്. നദികള്‍ മലനിരകളില്‍ നിന്ന് ഉത്ഭവിച്ച്
സമുദ്രത്തില്‍ പതിച്ച് പുനര്‍ജനി തേടുന്നു. പക്ഷേ ചില നദികള്‍ക്ക്
മാര്‍ഗ്ഗഭ്രംശം സംഭവിച്ച് മരുഭൂമിയില്‍ പതിക്കുന്നു.
വ്രണപ്പെടുന്ന വിശ്വാസങ്ങള്‍, ആക്രമണത്തിലേക്കും, വിവാദങ്ങളിലേക്കും
തര്‍ക്ക വിതര്‍ക്കങ്ങളിലേക്കും ആനയിക്കപ്പെടുന്ന വിശ്വാസങ്ങള്‍ ഇവയെല്ലാം
മാര്‍ഗ്ഗഭ്രംശം സംഭവിച്ച് മണലാരണ്യത്തില്‍ വന്നുപ്പെട്ട നദിപോലെയാണ്.
സമാധാനപരമായ സൗഹാര്‍ദ്ദത്തിന് വ്രണപ്പെടുന്ന വിശ്വാസങ്ങളെ
പുന:പരിശോധനക്ക് വിധേയമാക്കുകയോ അവയെ തിരസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്.

2015 ഒക്‌ടോബർ 17, ശനിയാഴ്‌ച


    ആദരാഞ്ജലികള്‍......... 



ആന്‍സിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ ഓര്‍ത്തു പോവുകയാണ്..........
വൈദ്യശാസ്ത്രം വിധി എഴുതി, ആന്‍സിയുടെ മരണം സുനിശ്ചിതം, ഏറിയാല്‍ ഏതാനും ആഴ്ചകള്‍ മാത്രം. അബര്‍ദിനിലെ പാലിയേറ്റീവ് യൂണിറ്റിലേക്ക് മാറ്റിയ ആന്‍സിയെ കാണാന്‍ ഞാന്‍ ഭാര്യയോടൊപ്പം നടക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിക്കൊണ്ടിരുന്നു.
ഒരു പ്രഭാഗത്തില്‍ പോര്‍ട്‌സ്മൗത്തില്‍ നിന്ന് അബര്‍ദിനില്‍ പറന്നിറങ്ങിയ ഞങ്ങളെ കാണുമ്പോള്‍, സുനിശ്ചിതമായ തന്റെ മരണത്തെപ്പറ്റി ഓര്‍ത്ത് ആന്‍സി എങ്ങനെ പ്രതികരിക്കും? ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു...
അബര്‍ദിനിലെ വികാരിയച്ചന്‍ ഇടവകാംഗങ്ങളെ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ എപ്പോഴും ആന്‍സിയെ കാണാന്‍ പോകരുത്. അത് ആന്‍സിക്ക് ദുഃഖമുണ്ടാക്കും. ഇതറിഞ്ഞ ആന്‍സി പറഞ്ഞു നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വന്ന് കാണാം. എനിക്ക് ഒരു ദുഃഖവുമില്ല സന്തോഷമേ ഉള്ളൂ... ആ വാക്കുകളുടെ ധൈര്യത്തിലാണ് കാലുകള്‍ മുന്നോട്ട് നീങ്ങിയതെങ്കിലും, അന്തഃകരണം മന്ത്രിച്ചുകൊണ്ടിരുന്നു. സുനിശ്ചിതമായ മരണം കാത്തു കിടക്കുന്ന ആന്‍സി എങ്ങിനെ പ്രതികരിക്കും? മരണത്തിന്റെ ഭയം ഉളവാക്കുന്ന കണ്ണീരും തേങ്ങലുകളും. ആശയറ്റ വിലാപംകൊണ്ട്... വിതുമ്പുന്ന ഹൃദയത്തുടിപ്പോടെയാണ് ആന്‍സി കിടന്ന മുറിയില്‍ പ്രവേശിച്ചത്. ആന്‍സി അവിടെ കിടക്കുകയായിരുന്നില്ല കസേരയില്‍ ഇരിക്കുകയായിരുന്നു. 
ഞങ്ങളെ കണ്ടപ്പോള്‍ മുഖം നിറയെ ചിരിയോടെ ആന്‍സി ഞങ്ങളെ സ്വീകരിച്ചു.
കുലീനത്വവും ഐശ്വര്യവുമുള്ള ആ മുഖം വാടി തളര്‍ന്നിരുന്നുവെങ്കിലും വിടര്‍ന്ന കണ്ണുകളില്‍ സ്‌നേഹ  മായാതെ പ്രഭചൊരിഞ്ഞു. എന്റെ ഭയാശങ്കകള്‍ അസ്ഥാനത്തായിരുന്നു. സുനിശ്ചിതമായ മരണത്തിന്റെ നിഴല്‍ പോലും അവിടെയുണ്ടായിരുന്നില്ല. ആന്‍സിയുടെ അരികില്‍ തന്നെ ഉണ്ടായിരുന്ന ജോണി ആന്‍സിയെ ആശ്വസിപ്പിക്കുക മാത്രമല്ല ചെയ്തിരുന്നത്. ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്രത്യാശയുടെ ജീവോര്‍ജ്ജം വാക്കുകളിലൂടെ സ്‌നേഹമസ്രുണമായ തലോടലുകളിലൂടെ ആന്‍സിക്ക് പകര്‍ന്ന് കൊടുക്കുകയായിരുന്നു. അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് മായാത്ത  മന്ദഹാസത്തോടെ, കൃത്യതയോടെ ആന്‍സി ഞങ്ങളോട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത്.
മരണത്തിന്റെ ഭയപ്പെടുത്തുന്ന നിഴല്‍ വെളിച്ചമല്ല അവിടെ നിറഞ്ഞു നിന്നത്. മറിച്ച് നിത്യമായ പ്രത്യാശയുടെ പ്രഭയാണ് അിടെ എങ്ങും നിറഞ്ഞിരുന്നു.
അതെന്നെ അത്ഭുതപ്പെടുതത്തി.
ഒരു ജലദോഷം വന്നാല്‍ ആശയറ്റവനെപ്പോലെ പാതാളത്തില്‍ അകപ്പെട്ടവനെപ്പോലെ  മോങ്ങി വിലപിക്കുന്ന ഞാന്‍, ആസന്നമായ മരണത്തിന് മുന്നില്‍ പ്രത്യാശയോടെ മുന്നേറുന്ന കുടുംബത്തെ കണ്ടപ്പോള്‍ മനസ്സാ അവരുടെ പാദങ്ങള്‍ തൊട്ടുവണങ്ങി.
ഒരു മഹത് ഗ്രന്ഥത്തില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തിരിച്ചറിലേക്ക് എന്റെ ഉള്‍ക്കണ്ണു തുറന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മുന്നേറുക, ആസന്നമായ മരണത്തിന് മുന്നിലും പ്രത്യാശയോടെ മുന്നേറുക, ജീവിതത്തിന്റെ മഹത്തായ സങ്കീര്‍ത്തനം ആയിരുന്നു അവിടെ പ്രായോഗിക തലത്തില്‍ പ്രഘോഷിക്കപ്പെട്ടത്.
അബര്‍ദിനിലെ സഹോദരന്റെ വീട്ടില്‍ പോകുമ്പോഴെല്ലാം ഒരു കൂടപ്പിറപ്പിനെപ്പോലെ വന്നണയാറുള്ള ആന്‍സി ഓര്‍മ്മയാവുകയാണ്. അബര്‍ദിനിലെ മലയാളി കൂട്ടായ്മയില്‍ ആത്മീയ, കലാ, സാംസ്‌കാരിക വേദികളില്‍ ആന്‍സിയും കുടുംബവും നിറഞ്ഞു നിന്നിരുന്നു. ഇതില്‍ നിന്ന് എല്ലാം ആന്‍സിയെ വ്യത്യസ്തയാക്കിയത് കുട്ടികളോട് ഇടപെടുമ്പോള്‍ ആന്‍സിയുടെ സ്‌നേഹാനുസ്രതമായ ആജ്ഞാ ശക്തിയാണ്. കൃത്യമായ അളവില്‍ സ്‌നേഹവും, ആജ്ഞാശക്തിയും കലര്‍ത്തി കുട്ടികളോട് സംസാരിക്കാന്‍ ആന്‍സിക്കുമാത്രമേ കഴിയുമായിരുന്നുള്ളുൂ. അതു അവരെ പ്രതിരോധത്തിലേര്‍പ്പെടുത്താതെ അനുസരണ ശീലമുള്ളവരാക്കി. അവരുടെ മൂന്ന് മക്കളുടെയും ഓരോ ചലനങ്ങളിലും അതിന്റെ ചൈതന്യം ഉണ്ട്. അവരില്‍ മാത്രമല്ല അബര്‍ദിനിലെ മലയാളികുട്ടികള്‍ ആന്‍സിയുടെ സ്‌നേഹത്തോടെയും ആജ്ഞയോടയുമുള്ള വാക്കുകള്‍ ശ്രവിച്ചവരാണ്.  ആ വാക്കുകള്‍ അവരുടെ ജീവിത വഴിത്താരയില്‍ വഴിവിളക്കാകട്ടെ.
കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ആന്‍സിയുടെ ചേതനയറ്റ ശരീരത്തിനരികത്തു നിന്ന് കണ്ണീരോടെ വിടപറയാതെ പ്രത്യാശയോടു മന്ദഹാസവുമായി അന്ത്യവിടപറയാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

2015 ജൂൺ 13, ശനിയാഴ്‌ച


                                    യുദ്ധവും  സമാധാനവും.

Image result for war and peace


ഭൂമിയില്‍ സമാധാന പൂര്‍ണ്ണമായ ജീവിതം അസാദ്ധ്യം എന്ന് തോന്നിപ്പിക്കത്തക്കവിധത്തിലാണ് സമീപകാല ലോകസംഭവങ്ങള്‍ അരങ്ങേറുന്നത്.
കണ്ണ് നനയിക്കുന്ന, കരളലിയിപ്പിക്കുന്ന, നെഞ്ച് പിളര്‍ക്കുന്ന, മനുഷ്യത്വരഹിതമായ കാഴ്ചകള്‍ക്കും, വാര്‍ത്തകള്‍ക്കും ലോകസംഭവങ്ങള്‍ക്കും ഭൂവാസികള്‍ മൂകരായി സാക്ഷികളാകുന്ന ഇരുണ്ടകാലഘട്ടത്തിലൂടെയാണ് നാം കടന്ന്‌പൊയ്‌ക്കൊണ്ടിരിക്കുന്നത്.
താലിബാന്‍, അല്‍ഖ്വയ്ദ, ബോക്ക് ഹൊറാം, ഐ.എസ്.ഐ.എസ്. തുടങ്ങി നാമങ്ങള്‍ പലതാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സമാനതയുണ്ട്. അവയെല്ലാം ദൈവനാമത്തില്‍ മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളും കൊലപാതകങ്ങളും ചെയ്ത് ഹരിതാഭമായ ഈ ഭൂമിയെ രക്തപങ്കിലമാക്കുന്നു, രക്തപ്പുഴകള്‍ തീര്‍ത്ത് അതില്‍ അവര്‍ ആഹ്ലാദാരവങ്ങളോടെ നീന്തിത്തുടിക്കുന്നു. നിസ്സംഗതയുടെ, ഉദാസീനതയുടെ, നിശബ്ദതയുടെ പുറംതോടുകളില്‍ അഭയം തേടിയിരിക്കുന്ന സമാധാന കാംക്ഷികള്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു. ഭൂമിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് നമുക്ക് ഓരോരുത്തര്‍ക്കും കഴിയുന്നത് പ്രവര്‍ത്തിക്കാന്‍ നാം പ്രതിബദ്ധരാകേണ്ട സമയം സമാഗതമായിരിക്കുന്നു.
ഇരുളിനപ്പുറം നിത്യമായ പ്രഭയുടെ സന്ദേശവാഹകരാണ് നൈമിഷികമായി പ്രകാശിക്കുന്ന മിന്നാമിനുങ്ങ്. അന്ധകാരത്തിനപ്പുറം ദീപ്തമായ ഒരു ലോകമുണ്ടെന്ന് അവ നമ്മോട് മൗനമായി മന്ത്രിക്കുന്നു. ആ സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങി നമുക്ക് പ്രവര്‍ത്തന നിരതരാകാം.
വിശുദ്ധ ലിഖിതങ്ങളിലെഴുതപ്പെട്ടതുപോലെ 'ആക്രമംകൊണ്ട് നീതി നടത്തുന്നവന്‍ കന്യകയുടെ ശുദ്ധി അപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്ഡനെപ്പോലെെയണ്.' തോക്കിന്‍ കുഴലിലൂടെയോ, ബോംബുകളിലൂടെയോ രക്തരൂക്ഷിത വിപ്ലവത്തിലൂടെയോ അല്ല അഭികാമ്യമായ സമാധാനത്തിന് നാം നിമിത്തമാകേണ്ടത്.
നമ്മില്‍ തന്നെയുള്ള ആക്രമണോത്സുകമായ വാസനകളുടെ ഭാവതലങ്ങളെ തിരിച്ചറിയുകയും അവയുടെ നീരാളിപ്പിടുത്തങ്ങളില്‍ നിന്ന് മുക്തരാവുകയും ചെയ്യുക എന്നതാണ് ഭൂമിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം.
കുരുക്ഷേത്ര യുദ്ധഭൂമിപോലെ സംഘര്‍ഷഭരിതമാണ് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങള്‍. സഹജീവികളെ അവഗണിച്ച് അമിതമായ ഉല്‍ക്കര്‍ഷേഛയോടെ മുന്നേറുമ്പോള്‍ നാം ചുറ്റും തീര്‍ക്കുന്നത് യുദ്ധഭൂമികളാണ്. കുറച്ച് സുഹൃത്തുക്കള്‍ ഒരുമിക്കുമ്പോഴുള്ള സൗഹൃദസംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ ഉല്‍ഘോഷിക്കാനും അത് അപരനില്‍ അടിച്ചേല്‍പ്പിക്കാനും, അപരന്‍ അത് അവഗണിച്ചാല്‍ അവനെ തിരസ്‌ക്കരിച്ച് സ്വന്തം അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുമുള്ള വാസന നമ്മിലില്ലേ? മതത്തിന്റെയും, രാഷ്ട്രത്തിന്റെയും പേരില്‍ വാദപ്രതിവാദങ്ങളില്‍ മുഴച്ച് നില്‍ക്കുന്നത് ആശയ സംവാദത്തിനപ്പുറം സ്വന്തം ഔന്നത്യം സ്ഥാപിച്ചെടുക്കാനുള്ള അക്രമണോത്സുകമായ തത്രപാടല്ലേ നമ്മില്‍ മുഴച്ചു നില്‍ക്കുന്നത്? ഇതിലെല്ലാം ലോകമഹായുദ്ധത്തിനുള്ള വിത്തുകള്‍ വിതയ്ക്കപ്പെട്ടിരിക്കുന്നു. സഹജീവികളേക്കാള്‍ മഹിമയും മഹത്വവും പ്രകടിപ്പിക്കാന്‍ വെമ്പുന്ന ഒരോ മര്‍ത്യചേതനയിലും ലോകമഹായുദ്ധത്തിനുള്ള സാദ്ധ്യതകള്‍ ബീജാവാപം ചെയ്യപ്പെടുന്നു.


സംഘര്‍ഷ ഭരിതമായ നമ്മുടെ ഹൃദയങ്ങളുടെ പ്രതിഫലനമാണ് അക്രമണ ഭരിതമായ ലോകസംഭവങ്ങള്‍. ഓരോ വ്യക്തിയിലും സമാധാനവും സന്തുഷ്ടിയും നേടിയെടുക്കുന്നതിലൂടെ മാത്രമേ ലോകസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളു. വൈരുദ്ധ്യസമസ്യകളുമായി പടപൊരുതുന്നതിലല്ല; അവയെ സ്വാംശീകരിച്ച് നന്മയുടെ പ്രഭവകേന്ദ്രമായി മാറുന്നതിലൂടെ മാത്രമേ  ഓരോമനുഷ്യരുടെയും സമാധാനവും ലോകസമാധാനവും സാധ്യമാകൂ.

2015 മേയ് 4, തിങ്കളാഴ്‌ച




Image result for leafless tree



2015 ഏപ്രിൽ 29, ബുധനാഴ്‌ച

യു.കെ. തിരഞ്ഞെടുപ്പ് ചൂടിലേക്ക്


   (Parliament Constituency -Portsmouth South,Liberal Democrat Candidate-Gerald Vernon-Jackson)

യു.കെ.യില്‍ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് മെയ് 7-നാണ്. 650 പാര്‍ലമെന്റ് അംഗങ്ങളെയാണ് അന്ന് തെരഞ്ഞെടുക്കുന്നത്. ഔദ്യോഗികമായ തെരഞ്ഞെടുപ്പ് പ്രചാരണം മാര്‍ച്ച് 30 നാണ് തുടങ്ങുന്നതെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രധാന പാര്‍ട്ടികള്‍ എല്ലാം തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയും തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയും ചെയ്തു. 
വമ്പന്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഇല്ലാതെ ജയ് വിളിയും മുദ്രാവാക്യം വിളിയും മുഴക്കാതെ, കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളുടെ അകമ്പടിയില്ലാതെ അടിസ്ഥാന രഹിതമായ ആരോപണ പ്രത്യാരോപണയുദ്ധങ്ങള്‍ ഇല്ലാതെ, കൊടിതോരണങ്ങളുടെ വര്‍ണ്ണപകിട്ടുമില്ലാതെ വികസിത രാജ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരണമായി പൊതു തെരഞ്ഞെടുപ്പിന് യു.കെ. മലയാളികള്‍ ഭാഗവാക്കുകള്‍ ആവുകയാണ്.
വര്‍ത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയനുസരിച്ച് ഒറ്റ പാര്‍ട്ടി അധികാരത്തിലെത്തുക എന്നത് അപ്രാപ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍. ഒറ്റപാര്‍ട്ടി എന്ന നിലയില്‍ കണ്‍സര്‍വേറ്റീവിന് അംഗബലം കൂടുതല്‍ നേടാന്‍ കഴിയുമെങ്കിലും തൊട്ടു പിറകിലാകുന്ന ലേബര്‍ പാര്‍ട്ടി മറ്റു പാര്‍ട്ടികളുമായി (സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി) പോലുള്ളവരുമായി തെരഞ്ഞെടുപ്പനന്തര സഖ്യത്തിലൂടെ അധികാരത്തിലേറും എന്നുള്ള രാഷ്ട്രീയ വിലയിരുത്തലുകളും ഉണ്ട്.
വ്യക്തമായ രാഷ്ട്രീയചായ്‌വുകളുള്ള മലയാളികള്‍ വിരളമാണ്. അതുകൊണ്ട് തന്നെ ചായക്കോപ്പയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവാദങ്ങള്‍ ഇവിടെ നടക്കാറില്ല.


ഒരു ദശകത്തിലധികം യു.കെ. മണ്ണില്‍ കാലുറപ്പിച്ചവരുടെയും സിരകളെ ത്രസിപ്പിക്കുന്നത്, പിണറായി വിജയനും അച്യുതാനന്ദനും തമ്മിലുള്ള വടംവലികളും അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സംഘത്തിന്റെ അഴിമതി രാഷ്ട്രീയത്തെപ്പറ്റി വാചാലനാകാനാണ് സമയം കണ്ടെത്തുന്നത്. നാട്ടില്‍ രാഷ്ട്രീയം കളിച്ച് നടന്നതിന്റെ ഹാങ് ഓവറില്‍ നിന്ന് പലരും വിമുക്തരല്ല. അതുകൊണ്ട് തന്നെയാണ് യു.കെ. ജനജീവിതത്തിന്റെ പൊതുധാരയുമായി ഇഴുകി ചേരാനും വര്‍ത്തമാന കാല യു.കെ. രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതില്‍ നമ്മില്‍ പലരും പരാജയപ്പെടുന്നത്. എങ്കിലും ഒരുകാര്യം തീര്‍ച്ച. തെരഞ്ഞെടുപ്പ് ദിനം മലയാളികള്‍ എല്ലാം തന്നെ പോളിംങ് ബൂത്തിലേക്ക് ഒഴുകിയെത്തും. അത് മലയാളികളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ചില അനിവാര്യമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ്. (ദൈവവിശ്വാസം ഇല്ലാത്തവരും ആരാധനാലയങ്ങളില്‍ പോയി ചില അനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ അനുഷ്ഠിക്കുന്നതുപോലെ) വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ഒരു ന്യൂനപക്ഷം യു.കെ. മലയാളികളെ ഒഴിച്ചു നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം മലയാളികള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ ഇല്ല. അവരുടെ വോട്ടുകള്‍ ഫ്‌ളോട്ടിംഗ് വോട്ടുകളായാണ് കണക്കാക്കുന്നത്. അവരുടെ വോട്ടിംഗിനെ സ്വാധീനിക്കുന്നത് ദേശീയ പാര്‍ട്ടികള്‍ എടുക്കുന്ന ദേശീയ രാഷ്ട്രീയ നിലപാടുകള്‍ അല്ല  (ചഒട, ഡിലാുഹീ്യാലി,േ യുറോപ്യന്‍ യൂണിയനുമായുള്ള ബന്ധം, വിദ്യാഭ്യാസ നയങ്ങള്‍, എമിഗ്രേഷന്‍ പോളിസി തുടങ്ങിയവ) മറിച്ച് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ജനോപകാരപ്രദമായ ഇടപെടലുകളെ മാത്രം ആശ്രയിച്ചാണെന്നു തോന്നും. ഏതായാലും കടലും കരയും താണ്ടി പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ച് നാക്കിനും ചുണ്ടിനും അപരിചിതമായ വാക്കുകളും ഉപയോഗിച്ച് തന്റേടത്തോടെ മുന്നേറുന്ന മലയാളി സമൂഹം വര്‍ത്തമാന കാല യു.കെ. രാഷ്ട്രീയം വിലയിരുത്താന്‍ പ്രാപ്തരാണ്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാല യു.കെ. രാഷ്ട്രീയം വസ്തുനിഷ്ഠമായി വിലയിരുത്തി നമ്മുടെ ഓരോരുത്തരുടെയും വിലയേറിയ സമ്മദിദാനാവാകാശം ഏറ്റവും അനുചിതമായ രീതിയില്‍ ഉപയോഗിക്കാന്‍ നമുക്കേവര്‍ക്കും കഴിയുമാറാകട്ടെ.