2013 സെപ്റ്റംബർ 30, തിങ്കളാഴ്‌ച

                       

ആരും അന്യരല്ല.




 യുകെയി ലെത്തിയിട്ട് ആഴ്ചകളും മാസങ്ങളും കടന്നുപോയിരുന്നെങ്കിലും
 പരിചിത സുഹൃത്തുക്കള്‍ ആരും ഉണ്ടായിരുന്നില്ല. ഹലോ...ഹായ്...എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.... സുഖം തന്നെയല്ലേ?.. എവിടെ പോകുന്നു... വൈകിട്ട് എന്താ പരിപാടി? എന്നൊക്കെ ആരോടെങ്കിലും ഒക്കെ ചോദിക്കാന്‍ ഹൃദയം വെമ്പിയിരുന്നെങ്കിലും അങ്ങനെ ചോദിക്കാന്‍ പറ്റിയവര്‍ അധികം ഉണ്ടായിരുന്നില്ല.
സൗദിയിലെ തടവറ ജീവിതത്തില്‍ നിന്ന് രക്ഷനേടി യു.കെ.യിലെത്തുമ്പോള്‍ ഇവിടെ തരക്കേടില്ലാത്തത ഒരു സാമൂഹിക ജീവിതം നയിക്കാന്‍ സാധിക്കുമെന്ന് മോഹിച്ചിരുന്നു. അധികം താമസിയാതെ തന്നെ അതോരു സ്വപ്‌നം മാത്രം ആയിരിക്കാമെന്ന് തോന്നല്‍ ശക്തിപ്പെടാന്‍ തുടങ്ങി.
ആയിടയ്ക്കാണ് സെന്റ് തോമസ് പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ബാക്ക്‌ലാന്റ് കമ്മ്യൂണിറ്റി ഹാളില്‍വച്ച് ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു എന്നറിഞ്ഞത്. കുടുംബസമേതം സമയത്ത് തന്നെ എത്തിച്ചേര്‍ന്നു. സൗഹൃദ ഭാവത്തില്‍ ചിരിക്കുന്ന മുഖങ്ങളാണ് എതിരേറ്റതെങ്കിലും നിമിഷാര്‍ദ്ധങ്ങള്‍ക്കകം മുഖത്ത് വിരിഞ്ഞ പുഞ്ചരി മാഞ്ഞു പോകുന്നതും കണ്ടു.  അതില്‍ പരിഭവപ്പെടാന്‍ എന്തിരിക്കുന്നു? അവര്‍ക്ക് ഞാന്‍ തികച്ചും അപരിചിതന്‍. . ചുറ്റും അപരിചിത മുഖങ്ങള്‍ മാത്രം. ഒന്ന്, രണ്ട് പരിചിതമുഖങ്ങള്‍ കണ്ടപ്പോള്‍ എന്നില്‍ ഉല്ലാസം ഉണര്‍ന്നെങ്കിലും, ഹലോ എന്നു പറയാന്‍ പോലും സാവകാശം ഇല്ലാത്ത തിരക്കോട് തിരക്കിലായിരുന്നു അവര്‍. കാര്യപരിപാടികള്‍ ഒന്നും ആരംഭിച്ചിട്ടില്ല. ഹാളിലേയ്ക്ക് ആളുകള്‍ എത്തി കൊണ്ടിരിക്കയാണ്. ഒഴിഞ്ഞുകിടന്ന കസേരയില്‍ ഒന്നില്‍ ഞാന്‍ സ്ഥാനം പിടിച്ചു.
അധികം താമസിയാതെ വേലിയേറ്റം വന്ന് പുഴനിറയുന്നതുപോലെ ഹാള്‍ ജനങ്ങളാല്‍ നിറയാന്‍ തുടങ്ങി. എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്യുകയും, പൊട്ടിച്ചിരിക്കുകയും ഉല്ലാസത്തോടെ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ചുറ്റും ആഹ്ലാദകരമായ അന്തരീക്ഷം. ഞാന്‍ മാത്രം സംസാരിക്കാന്‍ ആരും ഇല്ലാതെ ഏകനായി ആള്‍കൂട്ടത്തില്‍ തനിയേ... ഒരു തരം അധമബോധത്തില്‍ നിന്ന് രക്ഷ നേടാന്‍നെന്നവണ്ണം അടുത്തുള്ള മാന്യവ്യക്തിയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചു. നാട് എവിടെ ...വിട്..ജോലി..(എന്റെ ചോദ്യങ്ങളില്‍ പിടിച്ച് നില്ക്കാന്‍ വെമ്പുന്നവന്റെ തന്ത്രപ്പാട് ഉണ്ടായിരുന്നോ?) ആ മാന്യവ്യക്തി ഇടം കണ്ണുകൊണ്ട് എന്നെ വീക്ഷിക്കുകയും, താല്പര്യമില്ലാതെ ഒന്ന്, രണ്ട് വാക്കുകളില്‍ ഉത്തരം നല്കി. അദ്ദേഹത്തില്‍ വാക്കുകളിലെ തണുപ്പില്‍ നിന്നും ബോഡി ലാങ്ങേവേജില്‍ നിന്നും എനിക്കു മനസ്സിലായി ആ മാന്യവ്യക്തിക്ക് എന്നോട് സംസാരിച്ചിരിക്കാന്‍ താല്പര്യമില്ലെന്ന്.
ഒരുതരം അധമബോധം വീണ്ടും എന്നില്‍ ഉണര്‍ന്നു. എന്റെ പരിമിതകളിലേക്ക് ചിറക് ഒതുക്കി ഞാന്‍ നിശബ്ദനായി. സമര്‍ത്ഥരും ആദരണീയരും ആയവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ശ്രദ്ധയാകര്‍ഷിച്ച് സ്ഥാനം പിടിക്കാനുള്ള പ്രതാപമോ വാക് സാമര്‍ത്ഥ്യമോ എനിക്കില്ലായിരുന്നു. മാന്യന്മാരുടെ കണ്ണില്‍പ്പെടാന്‍ മാത്രമുള്ള അന്തസ്സും മാന്യതയും എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യധാര ആദരണീയരുടെ കെട്ടുകാഴ്ചകളില്‍ നിന്ന് ബോധപൂര്‍വ്വം ആദരണീയഭാരം പാലിക്കുന്നതാണ് ഉചിതം എന്ന് തോന്നി.
ആ വീര്‍പ്പുമുട്ടലില്‍ മദര്‍ തെരേസയുടെ മഹത് വാക്യം ഓര്‍ത്തുപോയി. ഈ തലമുറയുടെ മുഖ്യപ്രശ്‌നം പട്ടിണിയോ, മഹാ വ്യാധിയോ അല്ല. തന്നെ ആര്‍ക്കും വേണ്ട എന്ന ചിന്തയിലും ജീവിതത്തിലും അകപ്പെട്ടു പോകുന്നതാണ്!!
ഒരുവേള ഇവിടേയ്ക്ക് വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപോയ നിമിഷങ്ങള്‍!!
വീട്ടില്‍ ഇന്റര്‍ നെറ്റിന്റെയും ടി.വി.യുടെയും, പ്രിയ പുസ്തകങ്ങളുടേയും നടുവില്‍ ചക്രവര്‍ത്തിയായിരുന്ന ഞാന്‍ ഇതാ ഈ ജനമദ്ധ്യത്തില്‍ ആരും അല്ലാത്തവനായി, ഒന്നും ഇല്ലാത്തവനായി ശൂന്യനായി വാഴുകയാണ്.
അസഹത്യയോടെ ഞാന്‍ ചുറ്റും നോക്കി എന്നിലെ എന്നെ ഉയര്‍ത്താന്‍ ആരെങ്കിലും ഉണ്ടോ?
ഞാന്‍ ആരേയും കണ്ടില്ല.
ആ സമയം തികച്ചും അനാര്‍ഭാടമായി മുഖത്ത് വാടാത്ത പുഞ്ചിരിയുമായി ബഹുമാനപ്പെട്ട എല്‍ദോസ് അച്ഛന്‍ സദസ്സിന്റെ മുന്നില്‍ ആഗതനായി. സദസ്സില്‍ ആഹ്ലാദാരവങ്ങള്‍. അച്ഛന്റെ സാന്നിദ്ധ്യത്തില്‍ ഒരു നവോന്മേഷം ചിറക് വിരിക്കും പോലെ.
എത്ര അനായാസ്സമായാണ് അച്ഛന്‍ എല്ലാവരുമായി ഇടപെടുന്നത്. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരുമായി ഇടപെഴകി, എല്ലാവരേയും പ്രോത്സാഹിപ്പിച്ച് കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്കി, അച്ഛന്‍ നന്നായി തിളങ്ങുകയായിരുന്നു. അച്ഛന്റെ സമയോചിതം അവസരോചിതമായ സമാശകള്‍ സദസ്സില്‍ പൊട്ടിച്ചിരി ഉയര്‍ത്തി. സ്‌നേഹനിര്‍ഭരമായ ഒരു കുടുംബത്തിലെന്നതു പോലെ എല്ലാവരും അവിടെ ആഹ്ലാദം പങ്കുവെയ്ക്കുമ്പോഴും എന്നിലെ ഞാന്‍ മരിക്കാത്ത കാരണം എനിക്കതില്‍ പൂര്‍ണ്ണമായി മുഴുകാന്‍ കഴിഞ്ഞില്ല.
വിഭവസമൃദ്ധമായ ഓണസദ്യയും കഴിഞ്ഞ് തിരിച്ച് പോകാന്‍ ഞാന്‍ തുടങ്ങുകയാണ്. അരോടും യാത്രാപറയാനില്ല. എങ്കിലും പോകുന്നതിന് മുമ്പ് എല്‍ദോസ് അച്ഛനെ കാണണമെന്നും യാത്രാപറയണമെന്നും ഒരു തോന്നല്‍. ഏത് കുഞ്ഞുങ്ങള്‍ക്ക് പോലും അച്ഛനരികിലെത്തി അച്ഛനുമായി സൗഹാര്‍ദം സ്ഥാപിക്കാമെന്നുള്ള അച്ഛന്റെ സന്മനസ്സാണ് എന്നെ ആ സാഹസത്തിന് പ്രോത്സാഹിപ്പിച്ചത്.
എല്ലാം വീക്ഷിച്ചും, എല്ലാം നിയന്ത്രിച്ചും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തും, എന്നാല്‍ ഒട്ടും തിരിക്കില്ലാതെ, ശാന്തനായി, സൗമ്യനായി, വാടാത്ത പുഞ്ചിരിയുമായി അച്ഛന്‍ ജനമദ്ധ്യത്തില്‍ തന്നെ ഉണ്ട്.
അച്ഛന്‍ വാത്സല്യത്തോടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തി, ഊണ് കഴിച്ചോ എന്ന് ചോദിച്ചു. സംതൃപ്തിയോടെ ഉവ്വ് എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. ഉടനം അച്ഛന്‍ സ്‌നേഹപൂര്‍വ്വം നിര്‍ദ്ദേശിച്ചു, എന്നാല്‍ ഉടനെ ചെന്ന് ഭക്ഷണം വിളമ്പുന്ന കമ്മിറ്റിയംഗങ്ങളെ സഹായിക്ക്. ഞാനൊന്ന് ഞെട്ടി. ഇന്നേവരെ പൊതുസദസ്സില്‍ വെള്ളം പോലും പകര്‍ന്ന് നല്കാത്ത ഞാന്‍.. എങ്ങനെ ഭക്ഷണം വിളബും? അച്ഛന്റെ നിര്‍ദ്ദേശമല്ലയോ? സന്തോഷത്തോടെ ശിരസാ വഹിച്ച് കമ്മിറ്റി അംഗങ്ങളോടൊപ്പം സഹായിക്കാന്‍ ഒരുങ്ങി.
എന്നേപ്പോലും അമ്പരിപ്പിച്ചുകൊണ്ട് നിമിഷാര്‍ദ്ധങ്ങള്‍ക്കകം ഞാന്‍ തിരക്കുള്ള വിളമ്പുകാരനായി മാറി. അങ്കിളെ കുറച്ച് ചോറ്, ചേട്ടാ അല്പം സാമ്പാര്‍, കുറച്ച് വെള്ളം.. അതുവരെ അപരിചിതരായി എനിക്ക് തോന്നിയവരുടെ അങ്കിളായി, ചേട്ടനായി ഞാന്‍ മാറി, തുടിക്കുന്ന ഹൃദയത്തോടെ അവര്‍ക്ക് ഞാന്‍ ഭക്ഷണം പകര്‍ന്നെടുക്കുമ്പോള്‍, എനിക്കവര്‍ സ്വന്തം പെങ്ങന്മാരായി, അനുജന്മാരായി, മക്കളായി, സ്വന്തം കൂടപിറപ്പുകളായി മാറി. എന്നിലെ ഞാന്‍ ഉരികിപോകുന്ന അപൂര്‍വ്വ നിമിഷങ്ങളായിരുന്നു അത്. അതെ ഞാന്‍ അസ്തമിച്ച് ആ വലിയ കുടുംബത്തിലെ അംഗം ആകുന്ന സ്‌നാനം ആയിരുന്നു അപ്പോള്‍ എന്റെ ഹൃദയത്തില്‍ സംഭവിച്ചത്.
അപരിചിതത്വം നമ്മുടെ ബുദ്ധിയിലാണ്. തുടിക്കുന്ന ഹൃദയത്തോടെ പ്രാര്‍ത്ഥനാ നിര്‍ഭരമായി, ദാഹിക്കുന്നവന് ദാഹജലം പകര്‍ന്ന് കൊടുക്കുമ്പോള്‍, അപരിചിതത്വത്തിന്റെ അതിര്‍വരമ്പുകള്‍ അസ്തമിക്കുകയും, നാമെല്ലാം ഒന്നാണെന്ന സഹജാവബോധം ഉയിര്‍കൊള്ളുകയും ചെയ്യും. പിന്നെ ഈ ആകാശവും ഭൂമിക്കും സമസ്ത ജീവജാലങ്ങളും അടങ്ങിയ ഈ പ്രപഞ്ചം നമുക്ക് സ്വന്തം. ആരും അന്യരല്ല. ചെറിയവനോ വലിയവനോ ഇല്ല. എല്ലാവരും തുല്യര്‍. എല്ലാവരും ദൈവമക്കള്‍ ആ ഒരുമ ദൈവസ്‌നേഹം തന്നെയല്ലേ?
ബുദ്ധിയുടെ വിലയിരുത്തലുകള്‍ അസ്തമിക്കുന്നിടത്ത് അഹം-- ബോധം ഉരുകി ഒലിച്ച് മനസ്സ് ശൂന്യമാകുന്നു. അപ്പോള്‍ മാത്രമെ സാധാരണക്കാരായ നമ്മുടെ ഹൃദയത്തില്‍ നൈമിഷികമെങ്കിലും നിത്യത-യുടെ സ്പര്‍ശം ഉണ്ടാവുന്നത്. അത് എന്നും ഹൃദയത്തില്‍ പ്രഭചൊരിയുന്ന ഒരു അനുഭവമാണ്. ഈ അനുഭവരാഹിത്യമാണ് ഞാനെന്ന് ഭാവത്തിന് വളര്‍ന്ന് പന്തലിക്കാന്‍ അവസരമൊരുക്കുന്നത്. മനുഷ്യബന്ധങ്ങളിലൂടെ, സാമൂഹിക ബന്ധങ്ങളിലൂടെ മാത്രമെ നമുക്ക് സ്വയം തിരിച്ചറുവുകള്‍ ഉണ്ടാവു. സ്വയം തിരിതിരിച്ചുറിവിന്ടു പ്രകാശധാരയിലേക്ക് നാം ആനയിക്കപ്പെടാതിരുന്നാല്‍ അജ്ഞതയുടെ അന്ധകാരത്തിലായിരിക്കും നാം.
 നാം സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ നാം തയ്യാറാണ്. നമ്മുടെ കുഞ്ഞുമക്കള്‍ എഴുന്നേറ്റ് നില്ക്കാന്‍ പഠിക്കുന്നത് നമ്മുടെ നെഞ്ചില്‍ ചവിട്ടിയല്ലേ? ഓടാന്‍ പഠിയ്ക്കുമ്പോള്‍, അവരുടെ മോഹം ഓട്ടത്തില്‍ അപ്പനെ തോല്‍പ്പിക്കുക എന്നുള്ളതല്ലേ? അവരുടെ സന്തോഷത്തിനായി ബോധപൂര്‍വ്വം തോറ്റുകൊടുക്കോമ്പോള്‍, നാം അനുഭവിക്കുന്ന മറ്റുള്ളവരുടെ സന്തോഷത്തിനായി തോറ്റുകൊടുക്കുന്നതിലെ അനുഭൂതി!! കാലം കഴിയവേ, ജീവിത സമ്മര്‍ദ്ദങ്ങളുടെ നിര്‍ചൂഴികളില്‍പ്പെട്ട്, നമ്മുടെ മക്കള്‍, ഒരുവേള നമ്മെ വൃദ്ധമന്ദിരങ്ങളുടെ നിരാശ്രത്വത്തിലേയ്ക്ക്, അന്ധകാരത്തിലേയ്ക്കും നമ്മെ വലിച്ചെറിയുമ്പോഴും നാം പ്രാര്‍ത്ഥിക്കും, നമ്മുടെ ഹൃദയം തുടിക്കും, നമ്മുടെ കുഞ്ഞും മക്കളുടെ സര്‍വ്വാശ്വരങ്ങള്‍ ഉള്ള ജീവിതത്തിലായി. അതെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുവാന്‍ നാം തയ്യാറാണ്!!
2012

2013 സെപ്റ്റംബർ 28, ശനിയാഴ്‌ച


ഗീതോപദേശം






ഇത് കുരുക്ഷേത്രഭൂമി. മഹാഭാരതയുദ്ധം തുടങ്ങാന്‍ സമയമായി. സര്‍വ്വവിധ സേനാ വ്യൂഹങ്ങളോടും കൂടി പാണ്ഡവ പക്ഷവും കൗരവപക്ഷവും മുഖാമുഖം നില്‍ക്കുന്നു. സാര്‍വത്ര ഗാംഭീരമായ നിശബ്ദത..
കൗരവപക്ഷത്ത് യോദ്ധാക്കളില്‍ യോദ്ധാവായ ഭീഷ്മര്‍, ആയുധാഭ്യാസനത്തിന്റെ ആചാര്യനായ ദ്രോണര്‍, കൃപര്‍, ജയദ്രഥന്‍, ദ്രോണപുത്രന്‍ അശ്വത്ഥാമാവ്, വില്ലാളിവീരനായ കര്‍ണ്ണന്‍, ദുര്യോദനനോടൊപ്പം മറ്റു കൗരവപ്പടയും.
മറുവശത്ത് വില്ലാളി വീരനായ അര്‍ജ്ജുനന്‍, അര്‍ജ്ജുനന്റെ തേരാളിയായി സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍, ഭീമന്‍, സത്യകി, ഉദിച്ചുയരുന്ന സൂര്യ തേജസോടുകൂടി അര്‍ജ്ജുന പുത്രന്‍ അഭിമന്യു, ധര്‍മ്മ പുത്രരോടൊപ്പം മറ്റു പാണ്ഡവ പടയും.
വിദുരര്‍ യുദ്ധനിയമങ്ങള്‍ ഒരിക്കല്‍ കൂടി ഇരുപക്ഷത്തെയും ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ്. കുരുക്ഷേത്രഭൂമിയില്‍ തളംകെട്ടിനിന്ന ഗാംഭീര നിശബ്ദതയെ ഭംഗപ്പെടുത്തിക്കൊണ്ട് മുഴങ്ങിയ ആനയുടെ ചിന്നംവിളികള്‍ തുടങ്ങാന്‍ പോകുന്ന യുദ്ധത്തിന്റെ ഭയാനകത വര്‍ദ്ധിപ്പിച്ചു.
ഇരുപക്ഷവും യുദ്ധം തുടങ്ങാനുള്ള പടഹധ്വനിക്കായ് കാതോര്‍ക്കവെ വില്ലാളിവീരനായ അര്‍ജ്ജുനനെയും തേരാളിയായ കൃഷ്ണനെയും വഹിച്ചുകൊണ്ടുള്ള രഥം യുദ്ധ ഭൂമിയുടെ മദ്ധ്യത്തിലെത്തി.
അര്‍ജ്ജുനന്‍ തന്റെ എതിര്‍ഭാഗത്ത് അണിനിരന്നിരിക്കുന്ന കൗരവപടയെ ഗാംഭീരതയോടെ വീക്ഷിച്ചു. ആര്‍ത്തിരമ്പുന്ന സമുദ്രം കണക്കെ കൗരവപ്പട ഇളകി മറിയുന്നു, കുതിരപ്പടയുടെ സീല്‍ക്കാരങ്ങള്‍, ആനകളുടെ ചിന്നംവിളികള്‍, തേരാളികളുടെയും പടയാളികളുെടയും പോര്‍വിളികള്‍. കൗരവപ്പട ഭൂമിയെതന്നെ ഇളക്കി മറിക്കാനുള്ള തയ്യാറെടുപ്പില്‍ പ്രക്ഷുബ്ധമായിരിക്കുന്നു. കൗരവപടയുടെ മുന്‍നിരയില്‍ തന്നെ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന യോദ്ധാക്കളില്‍ അര്‍ജ്ജുനന്റെ നയനങ്ങള്‍ പതിഞ്ഞു. പിതാമഹനായ ഭീഷ്മര്‍, ആചാര്യന്‍ ദ്രോണര്‍, ആചാര്യപുത്രന്‍ അശ്വത്ഥാമാവ്, ദുര്യോദനന്‍ അടക്കമുള്ള മറ്റു ധൃതരാഷ്ട്ര പുത്രന്മാര്‍, മറ്റു ബന്ധുമിത്രാദികള്‍.
അര്‍ജ്ജുനന്‍ അമ്പരന്നു...
ഭീഷ്മപിതാമഹനെയും, ആചാര്യനെയും മറ്റു ബന്ധുമിത്രാദികളേയും വധിച്ച് അവരൊഴുക്കുന്ന ചോരപ്പുഴയിലൂടെ നീന്തിത്തുടിച്ച് വേണം വിജയം വരിക്കാന്‍. ഇവരെ കൊന്നിട്ട്  തനിക്ക് എന്തിന് വിജയം! ഉറ്റ ബന്ധുമിത്രാദികള്‍ ഇല്ലാത്ത ലോകത്ത് തനിക്കെന്തിന് രാജാധികാരം.
അര്‍ജ്ജുനന്‍ വിറച്ചു.
കരങ്ങളില്‍ നിന്ന് ഗാണ്ഡീവം നിലംപതിച്ചു..
തൊണ്ട വരണ്ടു, നാവുണങ്ങി, ശരീരം തളര്‍ന്നിരുന്നുപോയി.
അര്‍ജ്ജുനന്‍ തന്റെ തേരാളിയും, സുഹൃത്തും, ഭഗവാനുമായ കൃഷ്ണനോട് കേണു. എന്റെ ബന്ധുമിത്രാദികളെയും ആചാര്യനേയും പിതാമഹനേയും വധിച്ചിട്ടുള്ള വിജയം എനിക്ക് വേണ്ട, അവരില്ലാത്ത രാജ്യം എനിക്കെന്തിന്. ഇല്ല ഞാന്‍ യുദ്ധം ചെയ്യില്ല.
ഈസന്ദര്‍ഭത്തിലാണ് അര്‍ജ്ജുനന്റെ സംശയവും മൗഢ്യവും ദൂരീകരിച്ച് കര്‍മ്മോത്സുകനാക്കി വീണ്ടും യുദ്ധസന്നദ്ധനാക്കാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്നത്. 18 പര്‍വ്വങ്ങളിലായി 700 ശ്ലോകങ്ങളില്‍ വേദങ്ങളുടെ ആത്മസത്തയായ ഗീതോപദേശം സംഗ്രിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തോളം തന്നെ വ്യാപ്തമായ ആ മഹത് വചനങ്ങളെ ഈ ഹ്രസ്വലേഖനത്തില്‍ പ്രതിപാതിക്കുക അസാധ്യം. ഭഗവത് ഗീതയുടെ മഹത്വത്തിലേക്ക് ഒന്ന് എത്തിനോക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണിത്.
ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്നത് ശാന്തിമന്ത്രങ്ങള്‍ ഉരുക്കഴിക്കപ്പെടുന്ന പര്‍ണ്ണശാലകളിലൊ, ഗംഗാനദിയുടെ ശാന്തിതീരങ്ങളില്‍ വെച്ചൊ ആയിരുന്നില്ല, മറിച്ച് യുദ്ധഭൂമിയില്‍ വച്ചാണ്. യുദ്ധഭൂമി, സംഘര്‍ഷഭരിതമായ നമ്മുടെ ഹൃദയങ്ങളെ പ്രതിനിധീകരിക്കുന്നു.
നന്മയും തിന്മയും തമ്മിലുള്ള വടംവലികള്‍, എന്റേതെന്നും നിന്റേതെന്നുമുള്ള ഭേദബുദ്ധി. എന്റെ ധാരണകള്‍ വിശ്വാസങ്ങള്‍, വീക്ഷണം, സമ്പത്ത് തുടങ്ങി എന്റേതെന്നുള്ളത് സംരക്ഷിക്കാനും നിന്റേതെന്നുള്ളതിനെ അവഗണിക്കാനുമുള്ള പ്രവണത, മത്സരബുദ്ധി സ്പര്‍ദ്ധ അഹങ്കാരം തുടങ്ങി എല്ലാം ഹൃദയത്തെ സംഘര്‍ഷഭരിതമാക്കുന്നു.
ഈ ഭേദുദ്ധിയാണ് പവിത്രമായ ഈ ഭൂമിയെ രക്തപങ്കിലമാക്കുന്നത്.
ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയല്ല മറിച്ച് ജീവിതത്തിലെ എല്ലാവിധ വൈരുദ്ധ്യങ്ങളേയും അഭിമുഖീകരിച്ചുകൊണ്ടാവണം ആത്മജ്ഞാനത്തിലേക്കും പൂര്‍ണ്ണതയിലേക്കും എത്തേണ്ടത് എന്ന് ശ്രീകൃഷ്ണന്‍ ഗീതയിലൂടെ വെളിപ്പെടുത്തുന്നു. ഇത് ജ്ഞാനങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമാണെന്ന് ശ്രീകൃഷ്ണന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.
ഗാന്ധിജി തന്റെ ജീവിതത്തില്‍ മാര്‍ഗ്ഗദീപമാക്കിയിരുന്നത് ഭഗവത് ഗീതയാണ്. ജാതിമതവ്യത്യാസമില്ലാതെ ആര്‍ക്കും ഗീതാപാരായണം ചെയ്ത് മനനം ചെയ്ത്, ഗീതാസന്ദേശങ്ങള്‍ അനുധാവനം ചെയ്ത് ആത്മജ്ഞാനത്തിന്റെ പാതയിലൂടെ മുന്നേറാവുന്നതാണ്.

2013 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

യു.കെ. മലയാളികളുടെ സ്വപ്‌നമായ UKMA   യിലെ  അപസ്വരങ്ങളാണ് ഈ കുറിപ്പിന് അടിസ്ഥാനം.
ഏതൊരു ജനാധിപത്യ പ്രസ്ഥാനത്തിന്റെയും അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് ഭരണ സരഥ്യം വഹിക്കുന്നവര്‍ ഉത്തരം കാണാതെ വിഷമിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം പുറത്തു നില്‍ക്കുന്ന സാധാരണക്കാര്‍ക്കറിയാം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉണ്ടാകേണ്ട പ്രഥമവും പ്രധാനവുമായ ഗുണങ്ങളില്‍ ഒന്ന് നല്ല ആശയങ്ങളെ സ്വാംശീകരിക്കുവാനുള്ള സംവേദനക്ഷമമായ ഒരു മനസ്സും, തുറന്ന ഹൃദയത്തിന്റെയും ആത്മാവിന്റെയും ഉടമകളായിരിക്കുകയെന്നുള്ളതാണ്.
ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നുവന്ന് പക്വതയാര്‍ജ്ജിച്ച, അനുഭവസമ്പത്തുള്ള, വിദ്യാഭ്യാസമുള്ള, ഭരണ നൈപുണ്യമുളള ഏറെ മലയാളികള്‍ (വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തിലും) നമുക്കുണ്ട്. ഉദാഹരണത്തിന് റിട്ട. അദ്ധ്യാപകര്‍, ശിശുക്ഷേമ ഭവനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍.. മത്സരമല്ല, സ്‌നേഹമാണ് ജീവിതത്തിന്‍ അടിസ്ഥാനം എന്ന് വിശ്വസിക്കുന്ന ഇവര്‍ ഒരു മത്സരരംഗത്തും ഉണ്ടാവില്ല. സ്വന്തം ശബ്ദം മുഴങ്ങികേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ എങ്ങും ഇടിച്ചുകയറി കൂകി വിളിക്കില്ല. അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയാനും അല്പം ബുദ്ധിമുട്ടാണ്. സത്യത്തോടും സ്‌നേഹത്തോടും ചേര്‍ന്ന് നില്‍ക്കുന്ന നമ്മുടെ സംസ്‌കാരത്തിലും, മൂല്യങ്ങളിലും അടിയുറച്ചു നില്‍ക്കുന്ന ഇവരെ കണ്ടെത്താനും അനൗപചാരികമായി സംഘടിപ്പിച്ച്, അവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാനും യുഗ്മ ഭാരവാഹികള്‍ തയ്യാറാവണം.
 നമ്മുടെ അസോസിയേഷനുകളില്‍ നിലനില്‍ക്കുന്ന സ്‌നേഹരാഹിത്യത്തിന്റെ പ്രകടനമാവാം ഇത്തരം അപാകതകള്‍.. എന്ത്‌കൊണ്ട് ഇത്തരം സ്ഥിതി വിശേഷം സംജാതമാകുന്നു? നിയമങ്ങള്‍ നിയമങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ല പ്രത്യുത മനുഷ്യ നന്മയ്ക്കുവേണ്ടിയാണെന്നുള്ള സര്‍വ്വസാധാരണ സത്യംനാം വിസ്മരിക്കുന്നത് കൊണ്ടോ? അതേ വെള്ളത്തില്‍ മുങ്ങിചാവുന്നവന് രക്ഷിക്കുന്നതിന് മുന്‍പ് protocal നോക്കുന്ന നമ്മുടെ കപടതയോ? ഇതൊന്നുമല്ലെങ്കില്‍, സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ ഒരിറ്റു ജലകണിക പോലും ഇല്ലാതെ നമ്മുടെ ഹൃദയങ്ങള്‍ വന്‍ മരുഭൂമികള്‍ ആയി മാറുന്നുതെ കൊണ്ടുവും. ജന്തുസഹജമായ ജൈവിക ചോദനയാണ് മത്സരം. ഈ ചോദനയുടെ ഉദാത്തികരണം (Sublimation) ആണ് സ്‌നേഹം. മത്സരം ഉള്ളിടത്ത് സ്‌നേഹമില്ല. ജീവിതത്തിന്റെ അടിസ്ഥാനം മത്സരമല്ല, സ്‌നേഹമാണെന്ന് നാം എന്നാണ് ഓര്‍ക്കുന്നത്?
സ്‌നേഹത്തിന്റെ നീരുറവകള്‍ Tesco യില്‍ നിന്നോ Asda യില്‍ നിന്നോ ലഭ്യമല്ല മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം കുരുങ്ങിക്കിടക്കുന്ന ആരാധനാലയങ്ങള്‍ക്കും അത് നമുക്ക് പകര്‍ന്ന് തരുവാന്‍ ആവില്ല. പരസ്പരമുള്ള സ്വാര്‍ത്ഥതയുടെയും, മത്സരത്തിന്റെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റേതുമായ വന്‍ പാറകള്‍ മാറ്റി നമുക്ക് ഒരോരുത്തരുടെയും ഹൃദയത്തില്‍ കുടുങ്ങിക്കിടക്കുന്ന സൗഹൃദത്തിന്റെ സഹകരണത്തിന്റെ ഉറവുകളെ  പുനര്‍ജനിപ്പിക്കാം.
നമുടെ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ പുനര്‍ജനികാന്‍ വെമ്പല്‍ കൊള്ളുന്നു സൗഹൃദത്തിന്റെ സഹകരണത്തിന്റെ ഉറവുകളെ ഉണര്‍ത്തി ഒരു പ്രവാഹമാക്കാന്‍  നമുക്ക് കഴിയുമാറാകട്ടെ.
2009



മാനിഷാദാ... മാനിഷാദാ...

രണ്ട് വ്യക്തികള്‍ തമ്മിലുള്ള 'സല്ലാപം' ഒരു അസോസിയേഷന്റെ ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തിയ വാര്‍ത്ത വായിച്ചപ്പോള്‍ ഖേദവും ദുഖവും തോന്നി. ഭാരവാഹികളുടേയും സാമൂഹ്യ പ്രതിബദ്ധതയുള്ള അംഗങ്ങളുടെയും അഹോരാത്രമുള്ള കഠിന ശ്രമങ്ങള്‍ നിമിഷാര്‍ധങ്ങള്‍ക്കകം വെണ്ണീറായി! ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യുകെ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന വന്‍ പ്രതിസന്ധികളില്‍ ഒന്നാണിത്.

ജാതിമത ഭേദമന്യേ നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് കൂടാനുള്ള ഒരിടം ആണ് അസോസിയേഷന്‍.. ജീവിത പ്രാരാബ്ധതകളില്‍ പെട്ട് ഞെരിഞ്ഞ് അമരുന്ന നമ്മുടെ സാമൂഹിക പ്രതിബദ്ധത പുനര്‍ജ്ജനിക്കുന്നത് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കണ്ണിലെ കൃഷ്ണമണി പോലെ, നവജാത ശിശുവിനെ മാറോട് അടക്കിച്ചേര്‍ത്ത് സംരക്ഷിക്കുന്നതു പോലെ അസോസിയേഷന്റെ പരിശുദ്ധതയും പരിപാവനതയും കാത്തുരക്ഷിക്കാന്‍ നാം പ്രതിബദ്ധരാകേണ്ടതാണ്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന മലയാള മക്കളുടെ നന്മ, അവര്‍ ശീലിച്ച സംസ്‌കൃതിയെ, മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നേറാനുള്ള വെമ്പലാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ നന്മകളെ തിരിച്ചറിയുമ്പോഴും തിന്മകളെ അവഗണിച്ച് മുന്നേറുവാനുള്ള പ്രാപ്തി നമുക്ക് ലഭിക്കുന്നത്,
മുലപ്പാലിനോടൊപ്പം നാം നുകര്‍ന്ന മൂല്യങ്ങളാണ്, സംസ്‌കൃതിയാണ്.

ആ സംസ്‌കൃതിയുടെ പുനരാവിഷ്‌കാരമാണ് അസോസിയേഷനുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. അതുകൊണ്ട് മാത്രമാണ് നമ്മില്‍ ബഹുഭൂരിപക്ഷവും പബ്ബുകളെപ്പറ്റിയും നിശാക്ലബ്ബുകളെപ്പറ്റിയും അജ്ഞരായിരിക്കുന്നത്. നമ്മുടെ അസോസിയേഷനുകള്‍ തകര്‍ന്നാല്‍, തളര്‍ന്നാല്‍ നാം കടന്നു ചെല്ലാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്, പാശ്ചാത്യ സംസ്‌കാരത്തിന്റെ വൃത്തിഹീനതയിലേക്കായിരിക്കും. ആ യാത്ര സ്വന്തം ശവകുടീരത്തിലേക്കുള്ള വിലാപയാത്രയില്‍ മൗനമായി പങ്കുകൊള്ളുന്നതിന് തുല്യമാണ്.

മത്സരാധിഷ്ഠിതമായ, അമിത ജീവിതവ്യഗ്രതകളാല്‍ നയിക്കപ്പെടുന്ന താളംതെറ്റിയ ജീവിതക്രമത്തിന്റെ ഉപോത്പന്നമാണോ ഇത്തരം സംഭവങ്ങള്‍ക്ക് നിദാനം ആയിരിക്കുന്നത്? അതോ വികസിത രാജ്യത്തിന്റെ അമിത ചിട്ടവട്ടങ്ങളോടുള്ള കലാപമോ? ക്ഷിപ്രകോപത്താല്‍ അഗ്നി ഗോളങ്ങളായി അസോസിയേഷന്റെ പൊതുപരിപാടികളില്‍ പതിച്ച് എല്ലാം വെണ്ണീറാകുന്ന ഇത്തരം ധൂമകേതുക്കളെ നിര്‍വീര്യമാക്കേണ്ട സാധ്യതകളെപ്പറ്റി നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹൃദയത്തിന്റെ ലോലതന്ത്രികളുടെ സംവേദന ക്ഷമത നഷ്ടപ്പെട്ടാല്‍ ഒരു ധൂമകേതുവായി നാം എരിഞ്ഞടങ്ങുമോ? കാലം നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്. നമ്മുടെ ഹൃദയത്തിന്റെ ലോലമായ തന്ത്രികളുടെ സംവേദനക്ഷമത വീണ്ടെടുക്കാന്‍ നമുക്ക് കഴിയുമോ? സാധിക്കുമെങ്കില്‍ നമ്മുടെ അണുകുടുംബങ്ങളില്‍ സമാധാനം ഉണ്ടാകും, അസോസിയേഷനുകളില്‍ ശാന്തിയും സമാധാനവും ഉണ്ടാകും.

2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

വിമര്‍ശകര്‍, സ്തുതിപാഠകര്‍.

നമ്മൊടൊപ്പം ഉള്ള സ്തുതിപാഠക സുഹൃത്തുക്കളെയാണോ വിമര്‍ശക സുഹൃത്തുക്കളെയാണോ നാം അധികം സ്‌നേഹിക്കേണ്ടത്?
സംശയമില്ല. വിമര്‍ശിക്കുന്ന നമ്മുടെ സുഹൃത്തുക്കളെയാണ്. നമ്മുടെ ശരീരം അണുബാധയാല്‍ ആക്രമിക്കപ്പെടുന്ന നിമിഷം ശരീരത്തിന്റെ പ്രതിരോധശക്തി പ്രബലമാകുന്നു. വിമര്‍ശനങ്ങള്‍ നമ്മുടെ പരിമിതികളിലേക്ക് വെളിച്ചം വീശുന്നു അവ നമ്മെ ജീവിത യഥാര്‍ത്ഥങ്ങളിലേക്ക് അടുപ്പിക്കുന്നു. വിമര്‍ശനങ്ങള്‍ നാം ആര്‍ജ്ജിക്കേണ്ട കഴിവുകളെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം നമ്മുടെ സുഷുപ്താവസ്ഥയിലുള്ള കഴിവുകള്‍ പുനര്‍ജനി തേടുന്നു.
ചൈന ഇന്ത്യയെ അപ്രതീക്ഷിതമായി ആക്രമിച്ചപ്പോള്‍, ഇന്ത്യന്‍ ജനത സ്വതന്ത്രാനന്തര ഉറക്കത്തില്‍ നിന്ന്, ആലസ്യത്തില്‍ നിന്ന് പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. അപ്പോഴാണ് നാം തിരിച്ചറിയുന്നത് നമ്മുടെ സൈന്യത്തിന്റെ ശുഷ്‌കത!!
നമ്മുടെ സൈന്യത്തിന്റെ ആയുധബലത്തെ കുറിച്ച് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്നു മലയാളിയായ വി. കെ. കൃഷ്ണമേനോന് പോലും അത്രവലിയ നിശ്ചയം ഉണ്ടായിരുന്നില്ല.
സുശക്തരായ ചൈനീസ് ആര്‍മിക്ക് മുന്നില്‍ പിടിച്ച നില്ക്കാനാവാതെ ഇന്ത്യന്‍ സൈന്യം ഏതാനും മൈലുകള്‍ തന്നെ അതിര്‍ത്തിയില്‍ നിന്ന് പിറകോട്ടു മാറി (തോറ്റ് ഓടി എന്ന് പറയുന്നത് നമുക്ക് മോശമല്ലേ?) ഇന്ത്യന്‍ സൈന്യത്തിന്റെ ദയനീയ പ്രകടനത്തില്‍ ക്ഷുഭിതരായ പാര്‍ലിമെന്റ് അംഗങ്ങള്‍, പാര്‍ലിമെന്റല്‍ ബഹളം വച്ചു.അന്ന് പ്രതിരോധമന്ത്രി യിരുന്നു വി. കെ. കൃഷ്ണമേനോന്‍ അക്ഷോഭ്യനായി സമചിത്തതയോടെ പ്രസ്താവിച്ചത് ഇങ്ങനെ. ഇന്ത്യന്‍ സൈന്യം തോറ്റ് ഓടി എന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണം. ഇന്ത്യന്‍ സൈന്യം തന്ത്രപരമായി ഏതാനും മൈലുകള്‍ പിന്മാറുക മാത്രമാണ് ചെയ്തത്!!
ഏതായാലും ചൈനയുടെ അപ്രതീക്ഷിതമായ 'തലോടലി'ല്‍ നിന്ന് ഇന്ത്യ പാഠം പഠിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമായി, ആധുനികവത്കരിക്കപ്പെട്ടു. അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളെയും നേരിടാന്‍ തയ്യാറായി. പിന്നീട് പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയം വരിച്ചു. പ്രതിസന്ധികള്‍, പ്രതിബദ്ധങ്ങള്‍, വിമര്‍ശനങ്ങള്‍ നമ്മുടെ കഴിവുകളെ വര്‍ധിപ്പിക്കുന്നു.
കാറല്‍മാര്‍ക്‌സിന്റെ പ്രശസ്തമായ വൈരുദ്ധ്യാത്മക സിദ്ധാന്തം തന്നെ വൈരുദ്ധ്യങ്ങളുമായി ഏറ്റുമുട്ടുമ്പോഴാണ് ഉല്പന്നം ഉണ്ടാവുന്നത് എന്നാണ്. നാട്ടിലെ ഇരുളടഞ്ഞ നാടുവഴികളിലൂടെ നാം നടക്കുമ്പോള്‍, വിഷപാമ്പുകളെ ഭയന്ന്, ടോര്‍ച്ചും കൈയില്‍ പിടിച്ച് സുഷ്മതയോടെയാണ് നടക്കാറ്. അങ്ങനെ സൂഷ്മത പാലിച്ച് നടക്കുന്നത് കൊണ്ട് വിഷപാമ്പുകളില്‍ നിന്ന് മാത്രമല്ല, പൊട്ടക്കിണറില്‍ വീഴാതെയും, മറ്റു ആപത്തുകളില്‍ പതിക്കാതെയും നാം രക്ഷപ്പെടുന്നു.
ജീവിതത്തിന്റെ വഴിത്താരയില്‍ നമ്മെ വിമര്‍ശിക്കാന്‍ മാത്രം ചിലര്‍ പതുങ്ങിയിരിപ്പുണ്ട് എന്ന അറിവ്
സുഷ്മതയോടെ മുന്നോട്ട് പോകാന്‍ നമ്മെ പ്രാപ്തരാകുന്നു. എന്നാല്‍ സ്തുതിപാഠക സുഹൃത്തുക്കളുടെ സ്തുതിവചനങ്ങള്‍ നമ്മില്‍ അഹങ്കാരത്തെ വര്‍ധിപ്പിക്കുന്നു. അത് നമ്മുടെ പരിമിതികളെ വിസ്മരിപ്പിച്ച് അമിതാഹങ്കാരത്തിലേക്കും പിന്നീട് അധപതനത്തിലേക്കും നമ്മെ ആനയിക്കും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇര മോഹല്‍ലാല്‍ ആണെന്ന് തോന്നുന്നു. 'അമ്മയും' നടന്‍ തിലകന്‍ ചേട്ടനും തമ്മിലുള്ള പ്രശ്‌നത്തില്‍ നമ്മുടെ സാഹിത്യ സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴിക്കോട് അഭിപ്രായം പറയുന്നു, ഇടപെടാന്‍ ആഗ്രഹിക്കുന്നു. അതില്‍ എന്തോ അനിഷ്ടം തോന്നിയ നമ്മുടെ ലാലേട്ടന്‍ അഴീക്കോട് സാറിനെ 'അയാള്‍' എന്ന വിശേഷിപ്പിച്ചൂ. പിന്നത്തെ പൂരം പറയണോ? സുകുമാര്‍ അഴീക്കോട് സാറ് 'തത്വമസി' എഴുതിയ അവിവാഹിതനായ പരമസ്വാത്വികാനാണെങ്കിലും അഹങ്കാരത്തിന്റെ സിംഹാസനത്തില്‍ വാണരുളുന്ന സാഹിത്യ സാംസ്‌കാരിക നായകനാണെന്ന് നിഷ്പക്ഷമതികളായ സാധാരണക്കാര്‍ക്ക് ഇടയില്‍ ഒരു ധാരണയുണ്ട്.
ലാലേട്ടന്റെ 'അയാള്‍' എന്ന സംബോധന സഹിക്കാന്‍ വയ്യാതെ നമ്മുടെ ധീക്ഷണശാലി നന്നായി പ്രതികരിച്ചു. വാര്‍ത്തകള്‍, ആരോപണങ്ങള്‍, പ്രസ്താവനകള്‍, വെല്ലുവിളികള്‍... സംസ്‌കാരികരംഗം ചൂടായി രാഷ്ട്രീയതലത്തിലെത്തി.
പാവം ലാലേട്ടന്റെ കൈ എത്തും വരെ എത്തിയതാണ് രാജ്യസഭാംഗത്വം. അത് തെറിച്ചു.
ആ നിരാശയില്‍ കുതിര്‍ന്ന് ലാല്‍ ഏട്ടന്‍ ഉറക്കെ ഒന്ന് ആത്മഗതം ചെയ്തു എത്ര എന്റെ ചില സ്തുതിപാഠക സുഹൃത്തുക്കളുടെ പ്രകോപനത്തിന് വഴങ്ങി ഞാന്‍ അറിയാതെ പറഞ്ഞ് പോയതാണ് 'അയാള്‍' എന്ന്.
നോക്കണേ സ്തുതിപാഠക വൃദ്ധങ്ങള്‍ വരുത്തിവക്കുന്ന ഒരോരോ വിനകളെ. അതുകൊണ്ട് നമുക്ക് സ്‌നേഹിക്കാം വിമര്‍ശകരെ, വിമര്‍ശനങ്ങളെ
പക്ഷേ വിമര്‍ശകരോട് ഒരു വാക്ക്.
ഉള്ളിലെ സ്‌നേഹത്തില്‍ നിന്നും സൗഹൃദത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉതിര്‍ക്കുക.
അപ്പോള്‍ പ്രയോക്താവില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാവും.
ഉള്ളിലെ വിഷത്തില്‍ നിന്നാണ് വിമര്‍ശിക്കുന്നതെങ്കില്‍ പ്രയോക്താവ് തല്‍ സമയം മരണമടയും.
അവസാനം 'വിഷം' പ്രയോഗിക്കാന്‍ ഒരു പ്രയോക്താവ് ഇല്ലാതെ വരുമ്പോള്‍, സ്വയം ആ 'വിഷം' വിഴുങ്ങേണ്ടി വന്നു. അപ്പോള്‍ തല്‍സമയം മൃതനാകുന്നത് വിമര്‍ശകന്‍ തന്നെയായിരിക്കും.

2013 സെപ്റ്റംബർ 24, ചൊവ്വാഴ്ച

അശ്വത്ഥാമാവ്

ദ്രോണാചാര്യരുടെയും കൃപിയുടെയും (കൃപചാര്യരുടെ സഹോദരി) പുത്രനായ അശ്വത്ഥാമാവിന് മരണമില്ല. കലിയുഗാന്ത്യം വരെ മരണമില്ല. തന്റെ ഒടുങ്ങാത്ത പ്രതികാരദാഹം കാരണം ശ്രീകൃഷ്ണനാല്‍ ശാപഗ്രസ്തനായി, പകയും വെറുപ്പും നെഞ്ചിലേറ്റി, ഒരിക്കലും ഉണങ്ങാത്ത ശിരസിലെ വ്രണത്തില്‍ നിന്ന് രക്തവും ചലവുവാര്‍ന്ന് ഒഴുകി, തീവ്രവേദനയോടെ, എങ്ങും ഗതികിട്ടാതെ അഭയത്തിനായി കേണുനടക്കുന്ന മരണമില്ലാത്ത ആത്മാവാണ് അശ്വത്ഥാമാവ്!

താന്‍ അനുഭവിക്കുന്ന തീവ്രവേദനയില്‍ നിന്ന് മോചനത്തിനായി മരണത്തെ വരിക്കാന്‍ അശ്വത്ഥാമാവ് ആഗ്രഹിക്കുന്നു. എന്നാല്‍ ശാപഗ്രസ്ഥനായ അശ്വത്ഥാമാവില്‍ നിന്ന് മരണം അകലുന്നു. പ്രതികാരദാഹം നെഞ്ചിലേറ്റി നടക്കുന്നവരില്‍ അശ്വത്ഥാമാവിന്റെ ആത്മാവ് ഉണ്ട്. അത് അവസാനിമില്ലാത്ത, മരണമില്ലാത്ത തീവ്രവേദന മാത്രമാണ്!! അഭയത്തിനായി അലയുന്നു ദുരാത്മാവ്.
സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് മത്സരാധിഷ്ഠിതമായ ജീവിതഭ്രമം അങ്ങേയറ്റം ആപത്കരമാണ്. പക്ഷേ നിര്‍ഭാഗ്യത്തിന് പുരാതനകാലം മുതലെ സാമൂഹ്യക്രമങ്ങള്‍ സജ്ജമാക്കപ്പെട്ടിരിക്കുന്നത് മത്സരാധിഷ്ഠിതമായ ജീവിത ക്രമങ്ങളിലാണ്.

ഓരോ മത്സരവും വിജയികളെയും പരാജിതരെയും സൃഷ്ടിക്കുന്നു. പരാജിതര്‍ പരാജയത്തെ ആരോഗ്യകരമായി സ്വീകരിച്ച് അംഗീകരിച്ച് വിജയിക്ക് ആംശസകള്‍ നേര്‍ന്ന് മുന്നോട്ട് പോകുന്നത് ആപൂര്‍വ്വം.
വിജയികളുടെ വിജയം പൂര്‍ണ്ണമായും നീതി യുക്തമായിരിക്കണമെന്നില്ല. പക്ഷേ ഭഗവല്‍കടാക്ഷം ആയിരിക്കും അവരെ  വിജയത്തിലെത്തിക്കുന്നത്.
മഹാഭാരതയുദ്ധത്തില്‍ ദ്രോണാചാര്യര്‍ പാണ്ഡവസേനയ്ക്ക് എതിരെ ആഞ്ഞടിച്ചപ്പോള്‍, പാണ്ഡവസേനക്ക് പിടിച്ച് നില്ക്കാന്‍ ആയില്ല. ദ്രോണരെ നിരായുധനാക്കിയാല്‍ മാത്രമേ വധിക്കാന്‍ കഴിയൂ. ശ്രീകൃഷ്ണ നിര്‍ദ്ദേശപ്രകാരം കള്ളം പറഞ്ഞ് ദ്രോണരെ നിരായുധനാക്കുകയും, ആ സമയം ദ്രൗപത പുത്രന്‍ ധൃഷ്ടധ്യുമ്‌നന്‍ ദ്രോണരെ വധിക്കുകയും ചെയ്തു.
ഗദായുദ്ധത്തില്‍ അജയന്മാരായ ഭീമനും ദുര്യോദനനും ഏറ്റുമുട്ടിയപ്പോഴും ഭീമന്‍ യുദ്ധ നിയമങ്ങള്‍ കാറ്റില്‍ പറത്തി. ഗദ്ദായുദ്ധത്തില്‍ ശക്തനായ ദുര്യോധനനെ പരാജയപ്പെടുത്താന്‍ കഴിയാതെ ക്ഷീണിതനായ ഭീമനോട് വ്യംഗ്യ ഭാഷയില്‍ ഭംഗ്യന്തരേണ ദുര്യോധനന്റെ തുടയില്‍ ഗദ കൊണ്ട് അടിച്ച് വീഴ്ത്തുക എന്ന് ശ്രീകൃഷ്ണന്‍ ധരിപ്പിച്ചു. ഭീമന്‍ അപ്രകാരം പ്രവര്‍ത്തിച്ച് ധീരനും വീരനുമായ ദുര്യോദനന്റെ, തുടയെല്ലുകള്‍ ഗദകൊണ്ട് അടിച്ച് തകര്‍ത്ത് ദുര്യോധനനെ രണഭൂമിയില്‍ വീഴ്ത്തി! ഗദാ യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനവും പൈശാചികമായ പ്രവര്‍ത്തിയായിരുന്നു അത്.

മഹാഭാരതയുദ്ധത്തിന്റെ അവസാന ദിനമായ 18-ാം ദിവസം രണഭൂമിയില്‍ വീണ് മരണാസന്നനായി കിടന്ന ദുര്യോധന സന്നിധിയില്‍ അശ്വത്ഥാമാവ് എത്തി പ്രതിജ്ഞ എടുത്തു. പാണ്ഡവരെ യുദ്ധവിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല അവര്‍ അഞ്ച് പേരുടേയും തല അറുത്ത് ദുര്യോധനന്‍ മുന്നില്‍ എത്തിക്കാമെന്നുമുള്ളതായിരുന്നു ആ പ്രതിജ്ഞ. പാണ്ഡവരോടു നേരിട്ട് ഏറ്റുമുട്ടാനുള്ള യോദ്ധാക്കള്‍ കൗരവപക്ഷത്തില്ലായിരുന്നു. കൗരവപക്ഷത്തെ അവശേഷിച്ച യോദ്ധാക്കളായ കൃപാചാര്യരെയും കൃതുവര്‍മയെയും കൂട്ടുപിടിച്ച് ഇരുളിന്റെ മറവില്‍ ചതിയിലൂടെ പാണ്ഡവരെ ഇല്ലായ്മ ചെയ്യാന്‍ അശ്വത്ഥാമാവ് ഒരുമ്പെട്ടു. ഈ പ്രതികാരത്തിന്റെ അപക്വതയും മനുഷ്യത്വ രാഹിത്യവും ഭീരുത്വവും മനസ്സിലാക്കിയ ക്രിപാചാര്യര്‍, അശ്വത്ധാമാവിനോട് പറഞ്ഞു ഇത്തരം ഹീനകൃത്യം അനുഷ്ഠിക്കുന്നതിന് മുമ്പ് ഗുരു ജനങ്ങളുടെ ഹിതം എന്ത് എന്ന് ആരായുന്നത് ഉചിതമായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചു.
അതിന് അശ്വത്ഥാമാവ് പറയുന്ന മറുപടി പ്രസക്തമാണ്. ഓരോ മനുഷ്യനും വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ, അവനവനില്‍ കുടികൊള്ളുന്ന  മേധാശക്തി അത്യുത്തമം എന്നും മഹനീയമെന്നും കരുതി പ്രവര്‍ത്തിക്കുന്നു. അത്‌കൊണ്ട് ഇവിടെ ഉപദേശത്തിന് പ്രസക്തിയില്ല.
യുദ്ധാവസാനം ക്ഷീണിതരായി ഗാഡനിദ്രയിലായിരുന്ന പാണ്ഡവ സങ്കേതത്തിലേയ്ക്ക് ഊരിപ്പിടിച്ച വാളുമായി അശ്വത്ഥാമാവ് നുഴഞ്ഞുകയറി. പുറത്ത് പ്രവേശനകവാടത്തില്‍ കൃപാചാര്യരെയും കൃതുവര്‍മയെയും നിര്‍ത്തി.

ഉറങ്ങികിടന്ന പാണ്ഡവയോദ്ധാക്കളെ അശ്വത്ഥാമാവ് അതിക്രൂരമായി വധിച്ചു. അശ്വത്ഥാമാവിന്റെ പരാക്രമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യോദ്ധാക്കളെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന കൃപാചാര്യരും കൃതുവര്‍മയും ചേര്‍ന്ന് വധിച്ചു.
പാണ്ഡവര്‍ക്ക് ദ്രൗപതിയില്‍ ജനിച്ച അഞ്ച് പുത്രന്മാര്‍ ഉറങ്ങികിടന്ന മുറിയിലെത്തിയപ്പോള്‍ പഞ്ചപാണ്ഡവര്‍ എന്ന് കരുതി അശ്വത്ഥാമാവ് അവരുടെ തല അറുത്തെടുത്ത് ദുര്യോധനന് കാഴ്ചവച്ചു നിഷ്ഠൂരമായ പ്രതികാരത്തിന്റെ താണ്ഡവ നൃത്തമായിരുന്നു അവിടെ അരങ്ങേറിയത്.!!
എന്നാല്‍ ആ അഭിശക്തരാവില്‍ ശ്രീകൃഷ്ണനും പഞ്ചപാണ്ഡവന്മാരും മറ്റൊരു ദിക്കിലായിരുന്നു. തിരിച്ചെത്തിയ അവരെ എതിരേറ്റത് പാണ്ഡവ സങ്കേതത്തിലെ ആര്‍ത്തനാദങ്ങളും വിലാപങ്ങളും ദീനരോദനങ്ങളുമായിരുന്നു.
ശ്രീകൃഷ്ണനും പഞ്ചപാണ്ഡവരും അശ്വത്ഥാമാവിനെ തേടി ഇറങ്ങി.
ഇതിനകം തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ അശ്വത്ഥാമാവ് പ്രായശ്ചിത്തം ചെയ്യുവാനായി വേദവ്യാസമഹര്‍ഷിയുടെ ആശ്രമത്തില്‍ അഭയം തേടി.
അശ്വത്ഥാമാവിനെ അന്വേഷിച്ചിറങ്ങിയ ശ്രീകൃഷ്ണനും പാണ്ഡവരും വ്യാസ ആശ്രമത്തിലെത്തി.

തന്റെ അന്ത്യം സുനിശ്ചിതമായി എന്നു മനസ്സിലാക്കിയ അശ്‌നത്മാവ്, മന്ത്രോച്ചാരണത്താല്‍ പുല്‍ച്ചെടിയെ ബ്രാഹ്മാസ്ത്രമാക്കി മാറ്റി പാണ്ഡവപക്ഷത്തിനുനേരെ തൊടുത്തു. ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജ്ജുനനും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ബ്രഹ്മാസ്ത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ സര്‍വ്വനാശം എന്നു മനസിലാക്കിയ വ്യാസമഹര്‍ഷി അത് തടഞ്ഞ് ബ്രഹ്മാസ്ത്രങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു. അര്‍ജുനന്‍ അപ്രകാരം ചെയ്തു. എന്നാല്‍ അശ്വത്ഥാമാവിന് ആ വിദ്യ അറിയില്ലായിരുന്നു. പിന്‍വലിക്കാന്‍ കഴിയുന്നവര്‍ക്ക് ആവശ്യാനുസരണം ബ്രഹ്മാസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ ദ്യോണാചാര്യന്‍ ബ്രഹ്മാസ്ത്രവിദ്യ പകര്‍ന്നു കൊടുക്കുമ്പോള്‍ തന്നെ യാതൊരു സാഹചര്യത്തിലും ആ ദിവ്യാസ്ത്രങ്ങള്‍ ഉപഗയോഗിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ആശ്വത്ധാമാവിന് അത്രയും പാകത കാണാത്തതിനാലായിരിക്കാം ഒരേ ഒരു അവസരത്തില്‍ ഉപയോഗിക്കാമെന്നുള്ള നിഷ്‌കര്‍ഷയോടുകൂടി ദ്രോണാചാര്യന്‍ ആ വിദ്യ പകര്‍ന്ന് കൊടുത്തത്.

ബ്രഹ്മാസ്ത്രം പിന്‍വലിക്കാനുള്ള അറിവ് അശ്വത്ഥാമാവിന് ഇല്ലായിരുന്നെങ്കിലും ദിശമാറ്റി നിരുപദ്രവമായി തരിശ് ഭൂമിയില്‍ പതിപ്പിക്കാനുള്ള അറിവ് അശ്വത്ഥാമാവിന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്യുന്നതിനു പകരം പ്രതികാരദാഹിയായി മാറിയിരുന്ന അശ്വത്ഥാമാവ് ചെയ്തത് പാണ്ഡവപക്ഷത്തെ അവശേഷിക്കുന്ന ഏക അവകാശിയാകാവുന്ന അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തെ ലക്ഷ്യമാക്കി ബ്രഹ്മാസ്ത്രത്തെ തിരിച്ച് വിടുകയാണ് ചെയ്തത്. എന്നാല്‍ ആ നിഷ്ഠൂരകൃത്യം ശ്രീകൃഷ്ണന്‍ ചക്രായുധം കൊണ്ട് തടഞ്ഞു.
കോപാകുലനായ ശ്രീകൃഷ്ണന്‍, അശ്വത്ഥാമാവിനെ സകല അപത്തുകളില്‍നിന്നും സംരക്ഷിച്ചുപോന്ന ജന്മനാമുതല്‍ നെറ്റിയില്‍ ഉണ്ടായിരുന്ന മണിയാഭരണം, ആയുധം കൊണ്ട് ഛേദിച്ചുമാറ്റി അശ്വത്ഥാമാനിനെ ശപിച്ചു. മണിയാഭരണം ഛേദിച്ചുണ്ടായ മുറിവ് ഒരിക്കലും ഉണങ്ങാതെ, വ്രണമായി, കുഷ്ഠമായി, തീവ്രവേദനയോടെ രക്തവും ചലവും ഉതിര്‍ത്ത് അശ്വത്ഥാമാവിന് എങ്ങും അഭയം കിട്ടാതെ, മരണമില്ലാതെ കലിയുഗാന്ത്യം വരെ അലയും എന്നുള്ളതായിരുന്നു ആ ശാപം.
മരണം പ്രാപിക്കാനാവാതെ തീവ്രവേദനയോടെ അശ്വത്ഥാമാവ് നമ്മുടെ ഇടയിലൂടെ അഭയത്തിനായി അലയുകയാണ്.

ചില ദുര്‍ബല നിമിഷങ്ങളില്‍ ഗതികിട്ടാതെ അലയുന്ന ആ പ്രതികാരദാഹിയായ ആത്മാവിന് നാം അഭയം കൊടുക്കാറുണ്ട് എന്നുള്ളത് ഒരു യഥാര്‍ത്ഥ്യമാണ്!!
എന്നാല്‍ നിത്യനന്മ നമ്മൊടൊപ്പം ഉള്ളത് കൊണ്ടാവാം പ്രതികാര ദാഹിയായ ഗതികിട്ടാത്ത ആ ആത്മാവിന്റെ പിടിയില്‍ നിന്ന് നമുക്ക് കുതറിമാറാന്‍ കഴിയുന്നത്. എങ്കിലും ജാഗ്രത: ഗതികിട്ടാതെ പ്രതികാര ദാഹിയായ ആ ദുരാത്മാവ് അലയുകയാണ് ഒരു നിമിഷ നേരത്തെ എങ്കിലും അഭയത്തിനായി!!!

മയില്‍പ്പീലി കനവുകള്‍ 9

രാജിയുടെ വീട്ടുമുറ്റത്ത്, സന്ധ്യയോടെ ആണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. അന്തപ്പന്‍ കോളിങ്ങ്‌ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത്, വീട്ട് മുറ്റത്ത് രാജി കരുതലോടെ വളര്‍ത്തുന്ന പൂന്തോട്ടത്തിലായിരുന്നു. വളരെ കരുതലോടെയും, മനോഹരവുമായാണ് രാജി ആ തോട്ടത്തെ സംരക്ഷിച്ചിരുന്നതെങ്കിലും, ഇല പൊഴിയും കാലത്തിന്റെ തണുത്ത കരങ്ങള്‍, ആ പൂങ്കാവനത്തെ ആകെ സ്പര്‍ശിക്കുന്നതായി തോന്നി. ഇലകള്‍ എല്ലാം വാടി പഴുത്ത്, പൂക്കള്‍ എല്ലാം കൊഴിഞ്ഞു വീഴാനായി ഒരു ശോക ഗാനത്തിന്  കാത്തിരിക്കുന്ന പോലെ തോന്നി.

വാതില്‍ തുറന്ന എത്തിയ രാജി അന്തപ്പനെ കണ്ടതും അവനെ ഹഗ് ചെയ്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു.
ആ ഹഗ്ഗ് ചെയ്യല്‍ എന്നല്‍ കുളിര് ഉണര്‍ത്തി. എന്നെയും അങ്ങനെ ഹഗ്ഗ് ചെയ്തതെങ്കില്‍ എന്ന മോഹത്തോടെ ഞാന്‍ നില കൊണ്ടങ്കിലും, എന്നെ അത്ര ഗൗനിക്കാതെ അന്തപ്പന്റെ കൈയ്യും പിടിച്ച് രാജി അകത്തേയ്ക്കു ആനയിച്ചു. ഞാന്‍ അവരുടെ നിഴലായി പിന്‍തുടര്‍ന്നു.
അന്തപ്പനെ സ്വാന്തനിപ്പിക്കാനെന്നവണ്ണം രാജിയുടെ നനഞ്ഞ കൈവിരലുകള്‍ അവന്റെ മുടിയിഴകളെ താലോലിക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് രാജി എന്റെ നേരെ തിരിഞ്ഞ് ശബ്ദം ഉയര്‍ത്തി ചോദിച്ചു. ''തന്റെ കൂട്ടുകാരെല്ലാം ചേര്‍ന്ന് അന്തപ്പനെ സംഘടനയില്‍ നിന്ന് പുറത്താക്കി എന്ന് കേട്ടല്ലോ?

അപ്പോള്‍ എന്റെ ഊഹം ശരിയായിരുന്നു.!
രാജി വസ്തുതകള്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.!
അല്പം ഗൗരവത്തില്‍ ശബ്ദം ഉയര്‍ത്തി ഞാന്‍ പറഞ്ഞു തുടങ്ങി.
''ഞങ്ങളുടെ സംഘടന അല്പം അന്തസ്സും അഭിമാനവും ഉള്ള സംഘടനയാണ്. അതില്‍ പെണ്ണ് പിടിയന്മാര്‍ക്ക് സ്ഥാനമില്ല.''
''അതെടോ ഞാന്‍ ഒരു പെണ്ണ് പിടിയനാണ്.''
അതും പറഞ്ഞ് അന്തപ്പന്‍ പൊട്ടിച്ചിരിച്ചു. അവന്റെ പൊട്ടിച്ചിരി എന്നില്‍ അല്പം അങ്കലാപ്പ് ഉണര്‍ത്തി എങ്കിലും, ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
രാജിയുടെ സാന്നിദ്ധ്യത്തില്‍ അവന്‍ അല്പം തരളിത ചിത്തനാവുകയാണ്. അതു കൊണ്ടാണ് ഇങ്ങിനെ പൊട്ടിച്ചിരിക്കാന്‍ കഴിയുന്നത്.
ആദ്യകാലങ്ങളില്‍ അന്തപ്പന്റെ പൊട്ടിച്ചിരി ഞങ്ങള്‍ക്ക് എല്ലാം സുപരിചിതമായിരുന്നു. പിന്നെ പിന്നെ അത് നേര്‍ത്ത് നിശബ്ദമായൊരു തേങ്ങലാവുന്നത് ഞങ്ങള്‍ അറിഞ്ഞു.

അന്തപ്പന്റെ ബെഡ്ഡ് റും സുസിക്കുട്ടി പ്രാര്‍ത്ഥാനലയമാക്കിയതും, സകല പുണ്യവാളന്മാരെയും അവിടെ പ്രതിഷ്ഠിച്ച് സദാ എരിയുന്ന മെഴുകുതിരി വെളിച്ചവും കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് അവിടം ആകെ നിറഞ്ഞപ്പോള്‍ നിവര്‍ത്തിയില്ലാതെ തന്റെ മാറാപ്പും എടുത്ത് അടുത്ത റൂമില്‍ അന്തപ്പന്‍ ഏകനായി അഭയം തേടി എന്നുള്ളതും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിവുള്ളതാണ്.
അന്നുമുതലാണ് അന്തപ്പന്റെ പൊട്ടിച്ചിരി മാഞ്ഞുപോയത് എന്നും ശ്രുതിയുണ്ട്.
ആ ശ്രുതിയുടെ ചുവട് പിടിച്ചാണ് പിന്നീട് അന്തപ്പനെ പറ്റി പല കഥകളും ഉപകഥകളും പ്രചരിപ്പിച്ചത്.
അതില്‍ ഒന്ന് അന്തപ്പനെയും രാജിയെയും ചേര്‍ത്തുള്ള ചൂടന്‍ കഥകളായിരുന്നു.
അന്തപ്പനും രാജിയും വഴിവിട്ട് സഞ്ചരിക്കുന്നുവെന്നുള്ളതായിരുന്നു അതില്‍ പ്രധാനം.
അവര്‍ ഒരുമിച്ച് റെസ്റ്റോറന്റുകളില്‍ ഇരുന്ന് ആഹാരം കഴിക്കുന്നത് കണ്ടെന്ന് ചിലര്‍.

കായലോരത്തും, കടലോരത്തും അവര്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് ഇണപ്രാവുകളെ പോലെ തോളുരുമ്മി നടക്കുന്നത് കണ്ടെന്ന് മറ്റുചിലര്‍, സൗത്ത് സീയിലെ റോസ് ഗാര്‍ഡനില്‍ സൗരഭ്യം പരത്തുന്ന വൈവിധ്യമാര്‍ന്ന റോസപുഷ്പങ്ങളുടെ ഇടയിലൂടെ എല്ലാമറന്ന് അവര്‍ ഒരുമിച്ച് ഒഴുകി പോകുന്നതായി ദൃക്‌സാക്ഷികള്‍ ആണയിട്ട് പറയുന്നു. കടല്‍ക്കരയിലെ മരം കൊണ്ട് പണിതീര്‍ത്ത ചാരുബഞ്ചിരുന്ന രാജിയുടെ മടിയില്‍ തലചായ്ച്ച് എല്ലാംമറന്ന് ഉറക്കെ പ്രണയ കവിതാലാപനം നടത്തുന്ന അന്തപ്പനെ യും രാജിയെയും കണ്ടതായി മറ്റുചിലരും സാക്ഷ്യപ്പെടുത്തുന്നു.
കഥകള്‍ സൂസിക്കുട്ടിയുടെ കാതിലും എത്തി. രാജിയുടെയും അന്തപ്പന്റെയും നഗ്ന ശരീരങ്ങള്‍ കെട്ടു പിണഞ്ഞു കിടക്കുന്നതിലെ മഹാപാപം ഓര്‍ത്ത് സൂസിക്കുട്ടി നടുങ്ങി. ഒരു കൊടുങ്കാറ്റായിട്ടാണ് അന്ന് സൂസിക്കുട്ടി രാജിയുടെ വിട്ടിലെത്തിയത്. വാതില്‍ തുറന്ന് എത്തിയ രാജിയെ തള്ളി മാറ്റി കൊണ്ട് ഒരു തീവ്ര കുറ്റന്വേഷകയുടെ ഭാവാതികളുടെ, സൂഷ്മതയോടെ സൂസിക്കുട്ടി മുറികളെല്ലാം പരിശോധിച്ചു.

അടഞ്ഞു കിടന്ന അലമാരകള്‍ എല്ലാം തുറക്കപ്പെട്ടു! ആ മഹാപാപി അന്തപ്പന്‍ ഇതില്‍ എങ്ങാനും ഒളിഞ്ഞിരിപ്പുണ്ടോ?
സൂസിക്കുട്ടിയ്ക്ക് അന്തപ്പനെ അവിടെ ഒന്നും കണ്ടെത്താനായില്ല വ്യസനത്തോടും പരാജയ ബോധത്തോടും സൂസിക്കുട്ടി സിറ്റിങ്ങ് റൂമിലെ വിലപിടിപ്പുള്ള സോഫയില്‍ അമര്‍ന്നിരുന്നു.
സോഫയുടെ മറവിലെങ്ങാനും ആ മഹാപാപി അന്തപ്പന്‍...
ഇല്ല മറവിലും ചെരിവിലെന്നും ആ പാപിയെ കണ്ടെത്താനായില്ല.
രാജിയ്ക്ക് എല്ലാം മനസ്സിലായി. അവളും കേള്‍ക്കുന്നുണ്ടായിരുന്നവല്ലോ പല ശ്രുതികളും!!

സോഫയില്‍ അമര്‍ന്നിരുന്ന സൂസിക്കുട്ടിയുടെ കാല്പാദത്തിനരികില്‍ രാജി ഇരുന്നു. അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സൂസിക്കുട്ടിയുടെ മടിയില്‍ തലചായ്ച്ച് പൊട്ടികരഞ്ഞു.
പൊട്ടികരച്ചിലിനിടയില്‍ ഉല്‍ക്കണ്ഠമായി അവള്‍ ദൈവത്തെ വിളിച്ച് പറഞ്ഞു. അന്തപ്പന്‍ എനിക്ക് മറ്റാരുമല്ല എന്റെ കൂടെപ്പിറപ്പാണ്. എന്റെ പൊന്നാങ്ങളയാണ് എനിക്ക് ഈ ലോകത്ത് ആകെയുള്ള ഒരേ ഒരു കൂടെപ്പിറപ്പ്. അവനെ എന്നില്‍നിന്ന് അകറ്റരുത്.
ദൈവം ആ ഉള്ളുരുകിയ പ്രാര്‍ത്ഥന കേട്ടു.
പാറയില്‍ നീര്‍ച്ചാല് വരുത്തിയ മോശയുടെ ദൈവം പ്രവര്‍ത്തിച്ചു.
കണ്ണടച്ചിരുന്ന സൂസിക്കുട്ടി ഒരു ദൃശ്യം (ദര്‍ശനം) കണ്ടു.! വ്യാകുലമാതാവ് തന്റെ മടിയില്‍ തല ചായ്ച്ച് പൊട്ടിക്കരഞ്ഞ് പറയുകയാണ്, തന്നെ കൈവെടിയുന്നത് എന്തിന് എന്ന്?
ഞെട്ടലോടെ കണ്ണു തുറന്ന സൂസിക്കുട്ടി കണ്ടത്. തന്റെ മടിയില്‍ തലചായ്ച്ച് പൊട്ടികരയുന്ന രാജിയെയാണ്! അത് രാജിയായിട്ടല്ല സൂസിക്കു ട്ടിക്ക് അനുഭവപ്പെട്ടത്, വ്യാകുലമാതാവായിട്ടാണ്!!!
രാജിയുടെ കാല്‍ക്കല്‍ വീണ് സൂസിക്കുട്ടി മാപ്പ് അപേക്ഷിച്ചു. അവളെ തെറ്റിദ്ധരിച്ചതിന് മാപ്പ് കൊടുക്കണമെന്ന് പറഞ്ഞപേക്ഷിച്ചു.
അങ്ങനെ രാജി, സൂസിക്കുട്ടിയ്ക്ക് വ്യാകുലമാതാവിനാല്‍ വാഴ്ത്തപ്പെട്ടവളയായി മാറി.

അന്തപ്പനും രാജിയുമായുള്ള ബന്ധം എത്രയും മഹനീയമായ ബന്ധമാണെന്നും, അത് കളങ്കപ്പെടുത്തി പറയുന്നവര്‍ നിത്യനരകത്തില്‍ പതിക്കുമെന്നും സൂസിക്കുട്ടി ആണയിട്ടു പറഞ്ഞു!!
ഏതായാലും അന്നുമുതല്‍ രാജിയും അന്തപ്പനുമായുള്ള ബന്ധം മഹനീയമായി അറിയപ്പെട്ടു. അവരെ പ്പറ്റിയുള്ള ശ്രുതികളെല്ലാം കാറ്റില്‍ പറന്നു പോയി.
രാജി എനിക്കും അന്തപ്പനും ചായ ഉണ്ടാക്കി കൊണ്ടുവന്നു.
രാജി ഉണ്ടാക്കിയ ചായ ഞാന്‍ കുടിക്കുമ്പേള്‍ ഒന്നും സംസാരിക്കാറില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ആ നിമിഷങ്ങളില്‍ ഒന്നും ചിന്തിക്കാറില്ല. ഞാനപ്പോള്‍ ധ്യാനത്മകമായി ചായയായി മാറുന്ന അനര്‍ഘ നിമിഷങ്ങളായിരുന്നു അത്ര രുചിയാണ് ആ ചായയ്ക്ക്. അത് കേവലം വെള്ളവും പാലും പഞ്ചസാരയും ടീ ബാഗും ചേര്‍ത്ത് ഉണ്ടാക്കിയ ചായയല്ല. സ്‌നേഹത്തിന്റെ നിത്യാംശങ്ങളാല്‍ നിര്‍മ്മിതമായ ചായയാണത്!!

ചായ കുടികഴിഞ്ഞപ്പോള്‍ ഞാന്‍ മൗനമായി മന്ത്രിച്ചു.
''കൈ പുണ്യമുള്ളവളെ നിനക്ക് സ്തുതി.''
ചിരകാലസുഹൃത്തുക്കളായ കളികൂട്ടുകാരെപ്പോലെ രാജ്ഞി അന്തപ്പനരികെ ചേര്‍ന്നിരുന്ന് അവന്റെ നനുത്ത രോമങ്ങളുള്ള കരങ്ങള്‍ കൈയ്യിലെടുത്ത് സ്‌നേഹപൂര്‍വ്വം തഴുകിക്കൊണ്ട് അവള്‍ ചോദിച്ചു.
''പറയൂ അന്തപ്പാ എന്താണ് സംഭവിച്ചത്
ഏതാണ് ആ പോളിഷ്‌കാരി പെണ്‍കുട്ടി?''
വിഷാദം കലര്‍ന്ന പുഞ്ചിരിയോടെ അന്തപ്പന്‍ പറഞ്ഞു
''അവള്‍... ജോര്‍ജീനാ... ജോര്‍ജീനാ റോബര്‍ട്ട്!!''
''ഏത് നമ്മുടെ ജോര്‍ജീനയോ?''
ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
''അതെ അവള്‍ തന്നെ!!''
അപ്പോള്‍ പൊട്ടിച്ചിരിച്ചത് ഞാനാണ്. കാരണം ജോര്‍ജീനാ റോബര്‍ട്ടിനെ ഞങ്ങള്‍ക്ക്  എല്ലാം സുപരിചിതയായിരുന്നു. ഒരി കുടുംബാഗത്തെ എന്ന പോലെ ..!
തുടരും..